പ്രസംഗം കഴിയും മുമ്പ് അനൗണ്‍സ്‌മെന്റ്; മുഖ്യമന്ത്രി ക്ഷുഭിതനായി വേദിവിട്ടു

Update: 2023-09-23 06:47 GMT

കാസര്‍കോട്: പ്രസംഗം കഴിയും മുമ്പ് അനൗണ്‍സ്‌മെന്റ് നടത്തിയതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിവിട്ടു. കാസര്‍ഗോഡ് ബദിയടുക്ക ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടോദ്ഘടനത്തിനിടെയാണ് സംഭവം. മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തുന്നതിനു മുമ്പ് അനൗണ്‍സ്‌മെന്റ് വന്നതോടെ അതൃപ്തി പ്രകടിപ്പിക്കുകയും പരിപാട് പൂര്‍ണമാക്കാതെ വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയുമായിരുന്നു. കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ, കെട്ടിട നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച എന്‍ജിനീയര്‍മാരുടെ പേര് പറഞ്ഞ് അനൗണ്‍സ്‌മെന്റ് ഉയര്‍ന്നതോടെയാണ് പിണറായി ക്ഷുഭിതനായത്.

ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞുതീരും മുമ്പാണ് എന്‍ജിനീയര്‍മാര്‍ക്ക് ഉപഹാരം നല്‍കുന്ന കാര്യം അനൗണ്‍സ്‌മെന്റ് ചെയ്തത്. ഇതോടെ, ഞാന്‍ പറഞ്ഞുതീരും മുമ്പാണോ അനൗണ്‍സ്‌മെന്റ് ചെയ്യുന്നത് എന്ന് മുഖ്യമന്ത്രി പറയുന്നതും കേള്‍ക്കുന്നുണ്ട്. അയാള്‍ക്ക് ചെകിടും കേള്‍ക്കുന്നില്ലാന്ന് തോന്നുന്നുണ്ട്. അല്ല, അതൊന്നും ശരിയായ ഏര്‍പ്പാടല്ലാലോ എന്നും ദേഷ്യത്തോടെ മുഖ്യമന്ത്രി പറയുന്നുണ്ട്. ഞാന്‍ സംസാരിച്ച് അവസാനിപ്പിച്ചാലല്ലേ അനൗണ്‍സ്‌മെന്റ് ചെയ്യേണ്ടത് എന്നു പറഞ്ഞ് നേരെ വേദി വിടുകയായിരുന്നു. ഈസമയം വേദിയിലുണ്ടായിരുന്ന ഒരു നേതാവ് സോറി പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കാര്യമാക്കുന്നുണ്ടായിരുന്നില്ല.

    അതേസമയം, മുഖ്യമന്ത്രി സംസാരിച്ച് അവസാനിപ്പിച്ചെന്ന് കരുതിയാണ് അനൗണ്‍സ്‌മെന്റ് തുടങ്ങിയതെന്നാണ് അനൗണ്‍സര്‍ പറയുന്നത്. അനൗണ്‍സര്‍ വേദിയുടെ പിറകുവശത്തായതിനാല്‍ മുഖ്യമന്ത്രിയെ കാണുന്നുണ്ടായിരുന്നില്ല. വേദിയിലുണ്ടായിരുന്ന മറ്റു നേതാക്കള്‍ ഇടപെട്ടെങ്കിലും മുഖ്യമന്ത്രി വേദി വിടുകയായിരുന്നു. നേരത്തേ, മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഓഫായതിന് ഓപറേറ്റര്‍ക്കെതിരേ കേസെടുത്തത് ഏറെ വിവാദമായിരുന്നു. പിന്നീട് നടപടി പിന്‍വലിക്കുകയായിരുന്നു.

Tags:    

Similar News