മാസപ്പടി ആരോപണം: ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി

Update: 2023-09-11 12:43 GMT

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ ആദ്യമായി പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എക്‌സാലോജിക്ക് കമ്പനി കൈപ്പറ്റിയത് മാസപ്പടിയല്ലെന്നും ചെയ്ത ജോലിയുടെ പ്രതിഫലമാണെന്നും ഇതിനെ മാസപ്പടിയെന്നു പറയുന്നത് പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മാസപ്പടി എന്ന പേരിട്ടാണ് ചില മാധ്യമങ്ങള്‍ പ്രചാരണം നടത്തുന്നത്. ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നുപറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്. സേവനം ലഭ്യമാക്കിയില്ല എന്ന് സിഎംആര്‍ എല്‍ കമ്പനിക്ക് പരാതിയില്ല. പരിശോധനയുടെ ഭാഗമായി ഇതേക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ ഒരു പ്രസ്താവന പിന്നീട് തിരുത്തിയിട്ടുണ്ട്. സേവനം ലഭ്യമാക്കിയ കമ്പനിയുടെ ഭാഗം കേള്‍ക്കാതെ ആരോപണം ഉന്നയിക്കുന്നത് വേട്ടയാടലിന്റെ മറ്റൊരു രൂപമാണെന്നും മുഖ്യമന്ത്രി പറഞ്ഞി. ഒരു സംരംഭക, അവര്‍ ഒരു രാഷ്ട്രീയനേതാവിന്റെ ബന്ധുത്വമുണ്ടെന്ന ഒറ്റ കാരണത്താല്‍ കരാറില്‍ ഏര്‍പ്പെടുകയോ, ബിസിനസ്സ് നടത്തുവാനോ പാടില്ലെന്ന് ഏതെങ്കിലും നിയമമോ ചട്ടമോ നിലവിലുണ്ടോ? ഇവിടെ കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ക്ക് അധികാരത്തിലിരിക്കുന്ന ഏതെങ്കിലും പൊതുപ്രവര്‍ത്തകന്‍ വഴിവിട്ട സഹായം ചെയ്തതായി ആരോപണമില്ല. രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി പൊതുരംഗത്തില്ലാത്ത ഒരു സംരംഭകയുടെ പേര് വലിച്ചിഴക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സിഎംആര്‍എല്‍ കമ്പനിയുമായി നിയമപരമായ കരാറിന്റെ ഭാഗമായാണ് എക്‌സാലോജിക്കിന് പ്രതിഫലം നല്‍കിയിട്ടുള്ളത്. ഇതിനാവട്ടെ ആദായനികുതി പിടിച്ചും ജിഎസ്ടി അടച്ചുമാണ് നല്‍കിയിട്ടുള്ളത്. എക്‌സാലോജിക് കമ്പനിയുടെ ആദായനികുതി റിട്ടേണില്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. സിഎംആര്‍എല്ലില്‍ കെഎസ് ഐഡിസി ഓഹരിനിക്ഷേപം നടത്തിയത് 32 വര്‍ഷങ്ങം മുമ്പ് 1991ലാണ്. അന്ന് ഞാനോ ഇന്നത്തെ മന്ത്രിസഭയിലെ അംഗങ്ങളോ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗങ്ങളായിരുന്നില്ല. സി എം ആര്‍ എല്ലിന്റെ നയപരമായ കാര്യങ്ങളില്‍ കെ എസ് ഐ ഡി സിക്ക് യാതൊരു പങ്കുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News