മുസ്‌ലിംലീഗ് നേതൃത്വത്തെ അണികള്‍ തിരുത്തണം: മുഖ്യമന്ത്രി പിണറായി വിജയന്‍
മുസ്‌ലിം ലീഗ് അണികളില്‍ മഹാഭൂരിപക്ഷവും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മനുഷ്യരാണ്. എന്നാല്‍, അവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി മതത്തിന്റേയും വര്‍ഗീയതയുടെയും മേലങ്കി അണിഞ്ഞു കേരളരാഷ്ട്രീയത്തില്‍ വര്‍ഗീയത പടര്‍ത്താന്‍ മുസ്‌ലിംലീഗ് കുറച്ചുകാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത് അണികള്‍ തിരിച്ചറിഞ്ഞ് നേതൃത്വത്തെ തിരുത്താനുള്ള നടപടികളുമായി അവര്‍ രംഗത്തുവരണം.
തിരൂര്‍: വീണ്ടും മുസ് ലിം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വര്‍ഗീയ മേലങ്കിയണിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഇറങ്ങിത്തിരിച്ച മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നിലപാടുകള്‍ തിരുത്താന്‍ അതിന്റെ അണികള്‍ ശക്തമായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിരൂര്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ സിപിഐഎം ജില്ലാ സമ്മേളന സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് അണികളില്‍ മഹാഭൂരിപക്ഷവും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മനുഷ്യരാണ്. എന്നാല്‍, അവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി മതത്തിന്റേയും വര്‍ഗീയതയുടെയും മേലങ്കി അണിഞ്ഞു കേരളരാഷ്ട്രീയത്തില്‍ വര്‍ഗീയത പടര്‍ത്താന്‍ മുസ്‌ലിംലീഗ് കുറച്ചുകാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത് അണികള്‍ തിരിച്ചറിഞ്ഞ് നേതൃത്വത്തെ തിരുത്താനുള്ള നടപടികളുമായി അവര്‍ രംഗത്തുവരണം. അല്ലാത്തപക്ഷം എന്തുചെയ്യണമെന്ന് അണികള്‍ ഗൗരവമായി ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
വര്‍ഗീയതയെ താലോലിക്കുന്ന വരെ ബഹുജന മധ്യത്തില്‍ തുറന്നു കാണിക്കണം. ഇത്തരം ശക്തികളെ ചെറുത്തുതോല്‍പ്പിക്കാന്‍ മതേതര ജനാധിപത്യ പൗരസമൂഹം മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംഘപരിവാരം ഇന്ത്യയിലെ മുസ്‌ലിംകളേയും ക്രിസ്ത്യാനികളെയും എല്ലാം ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. ക്രിസ്ത്യാനികളെ ആക്രമിക്കുന്നതിന്റെ വാര്‍ത്തകളാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.മുസ്‌ലിംകള്‍ക്കെതിരേ നിരന്തരമായ ആക്രമണങ്ങള്‍ അവര്‍ നടത്തി കൊണ്ടിരിക്കുന്നു എന്നത് ഇപ്പോള്‍ വാര്‍ത്തയല്ലാതായിരിക്കുന്നു. വര്‍ഗീയ രാഷ്ട്രീയത്തിന് കരുത്തു പകരുന്ന നടപടികളാണ് ഓരോദിവസവും കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സംഘപരിവാര്‍ സര്‍ക്കാരിന് അധികാരത്തില്‍ നിന്ന് പുറംതള്ളാനുള്ള നടപടികളുമായി നാട്ടിലെ എല്ലാ മതേതര ജനാധിപത്യ ശക്തികളും ഒരുമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിക്കേണ്ടതിനുപകരം കോണ്‍ഗ്രസ് മൃദുഹിന്ദുത്വം സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നത്.താന്‍ ഹിന്ദുവാണെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഇതിന് ഉദാഹരണമാണ്. കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരും എംപിമാരും എല്ലാം ബിജെപിയിലേക്ക് ചേക്കേറി ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നത് നാം കണ്ടതാണ്.കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വിശ്വാസ്യത ഒരുപാട് കാലമായി തകര്‍ന്നിരിക്കുന്നു. ഹിന്ദുത്വ ഫാസിസ്റ്റുകളെ ചെറുത്തുതോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനാവില്ല എന്നത് ഇതില്‍നിന്ന് വ്യക്തമാണ്. ഇടതുപക്ഷ മതേതര ജനാധിപത്യ സമൂഹം അടക്കം രാജ്യത്തെ വര്‍ഗീയതയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന പ്രാദേശിക കക്ഷികള്‍ എല്ലാം ഒത്തു ചേര്‍ന്നു ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സംഘടിതമായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ എന്‍ മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. ഇ ജയന്‍, മന്ത്രി വി അബ്ദുര്‍റഹിമാന്‍,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, എളമരം കരീം, സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി പി സക്കറിയ, വി പി അനില്‍, വേലായുധന്‍ വള്ളിക്കുന്ന്, കൂട്ടായി ബഷീര്‍, എ ശിവദാസന്‍, വി എം ഷൗക്കത്ത്, വി പി സാനു, വി പി സോമസുന്ദരന്‍, വി ടി സോഫിയ, കെ ഭാസ്‌കരന്‍, സി പി റംല, അഡ്വ. പി ഹംസക്കുട്ടി സംസാരിച്ചു.