ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ചു നാളെ തീരുമാനമുണ്ടായേക്കും. നാലാം ഘട്ട ലോക്ക് ഡൗണ്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെ ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കൊറോണ കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതിനാല്‍
നിയന്ത്രണങ്ങള്‍ നീട്ടാനുള്ള സാധ്യതയാണുള്ളത്. അതേസമയം, സാമ്പത്തിക മേഖല വീണ്ടും തുറക്കുന്നതു സംബന്ധിച്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ആരാധനാലയങ്ങള്‍ തുറക്കണമെന്ന് കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനമാണുണ്ടാവേണ്ടത്. മാര്‍ച്ച് അവസാനത്തോടെ രാജ്യത്ത് സമ്പൂര്‍അ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന്
ശാരീരിക അകലം പാലിക്കാനുള്ള ആഹ്വാനപ്രകാരം മത കേന്ദ്രങ്ങളിലെ ഒത്തുചേരലുകളും നിരോധിച്ചിരുന്നു. യോഗത്തില്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു. ലോക്ക്ഡൗണ്‍ നാലാംഘട്ടം ഞായറാഴ്ച അവസാനിക്കുന്നതിനു മുമ്പായി വ്യാഴാഴ്ച അമിത് ഷാ വിവിധ മുഖ്യമന്ത്രിമാരുമായി സംസാരിക്കുകയും അഭിപ്രായം തേടുകയും ചെയ്തിരുന്നു. ഷായുമായുള്ള സംഭാഷണത്തിന് ശേഷം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചു.