നേതാക്കള്‍ക്കെതിരേ കള്ളക്കേസെടുക്കാന്‍ മോദി ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി കെജ്‌രിവാളും സിസോദിയയും

Update: 2021-08-22 05:20 GMT

ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ 15 നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി കെജ് രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും. നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും വീട്ടിലും ഓഫിസിലും റെയ്ഡ് നടത്താനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയെന്ന ആരോപണവുമായി സിസോദിയയാണ് ആദ്യം രംഘത്തെത്തിയത്.

ഡല്‍ഹി പോലിസിനും ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജന്‍സികള്‍ക്കുമാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ പ്രധാന നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഇല്ലാതാക്കാനാണ് നീക്കം. സിബിഐയ്ക്ക് പ്രധാനമന്ത്രി പതിനഞ്ചുനേതാക്കന്മാരുടെ പേരുകള്‍ അടങ്ങിയ പട്ടിക നല്‍കിയതായി വിശ്വസനീയമായ കേന്ദ്രത്തിന്‍ നിന്നാണ് അറിഞ്ഞതെന്നും മനീഷ് സിസോദിയ പറഞ്ഞു.

മനീഷ് സിസോദിയയുടെ പ്രസ്താവനയ്ക്ക് പിറകേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സമാനമായ രീതിയില്‍ ട്വീറ്റ് ചെയ്തിരുന്നു. 'ഞങ്ങള്‍ക്കെതിരേ ഇതിന് മുമ്പും നിരവധി വ്യാജ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. ഒന്നും കിട്ടിയില്ല. നിങ്ങള്‍ വീണ്ടും വ്യാജക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും റെയ്ഡുകള്‍ നടത്താനും ആഗ്രഹിക്കുന്നുണ്ടോ? നിങ്ങള്‍ക്ക് സ്വാഗതം.'എന്നായിരുന്നു അരവിന്ദ് കെജ് രിവാളിന്റെ ട്വീറ്റ്. മനീഷ് സിസോദിയയുടെ ആരോപണങ്ങള്‍ തളളി ബിജെപി രംഗത്തെത്തി. ഉപമുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഡല്‍ഹി ബിജെപി ഘടകം അധ്യക്ഷന്‍ ആദേശ് ഗുപ്ത പറഞ്ഞു.

Tags:    

Similar News