873 ഉദ്യോഗസ്ഥര്‍ക്ക് പോപുലര്‍ ഫ്രണ്ട് ബന്ധമെന്ന മാധ്യമ റിപോര്‍ട്ട് നിഷേധിച്ച് പോലിസ് തന്നെ രംഗത്ത്; നുണപ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ധൈര്യമുണ്ടോയെന്ന് പോലിസിനോട് നെറ്റിസണ്‍സ്

പോലിസിലെ മുസ്‌ലിം പേരുകാരായ ഉദ്യോഗസ്ഥരെ സംശയദൃഷ്ടിയില്‍ നിര്‍ത്താനും, അവരുടെ വിശ്വാസ്യത തകര്‍ക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരം വാര്‍ത്തകളെന്നും കേരളാ പോലിസ് തന്നെ പ്രതികരിച്ചതിനാല്‍ ഈ നുണക്കഥ പൊളിഞ്ഞെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2022-10-04 16:32 GMT

തിരുവനന്തപുരം: സംസ്ഥാന പോലിസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞദിവസം ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര ഭരണകൂടം നിരോധിച്ച പോപുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ഡിജിപിയ്ക്ക് എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കി കേരള പോലിസ്. സംസ്ഥാന പോലിസ് മേധാവിക്കു കൈമാറിയ റിപ്പോര്‍ട്ടിലാണു പോപുലര്‍ഫ്രണ്ടുമായി ബന്ധമുള്ള പോലിസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളതെന്നും ഇവര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നും ചില മാധ്യമങ്ങള്‍ തട്ടിവിട്ടിരുന്നു.

പട്ടികയിലുള്ള സിവില്‍ പോലീിസ് ഉദ്യോഗസ്ഥര്‍, എസ്‌ഐമാര്‍, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരികയാണെന്നും സംസ്ഥാന പോലിസിലെ സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമാണു കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലുളളതെന്നും മാധ്യമങ്ങള്‍ നുണ പ്രചരിപ്പിച്ചിരുന്നു.

പോലിസിലെ മുസ്‌ലിം നാമധാരികളായ ഉദ്യോഗസ്ഥരെ സംശയമുനയില്‍നിര്‍ത്താന്‍ ഉദ്ദേശിച്ച് സംഘപരിവാര കേന്ദ്രങ്ങള്‍ പടച്ചുവിട്ട റിപോര്‍ട്ട് മനോരമ ഓണ്‍ലൈന്‍, ന്യൂസ് 18 തുടങ്ങിയ മുഖ്യധാര മാധ്യമ പോര്‍ട്ടലുകളും മറുനാടന്‍ മലയാളി പോലുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുമാണ് പ്രസിദ്ധീകരിച്ചത്. വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി കേരള പോലിസ് തന്നെ മുന്നോട്ട് വന്നത്.

അനുരാഗ് താക്കൂറിന്റെ വിരുന്നില്‍ പങ്കെടുത്തു സംഘപരിവാര്‍ സേവയ്ക്ക് കരാറെടുത്ത മലയാളത്തിലെ മാമാ മാധ്യമങ്ങള്‍ നിരവധിയാണെന്നും ജനാധിപത്യത്തിലെ നാലാം തൂണെന്ന ഖ്യാതിയുള്ള മാധ്യമപ്രവര്‍ത്തനത്തെ സംഘപരിവാറിന് അനുകൂലമായി മാമാപ്പണി ചെയ്യാനുള്ള കരാറാണ് അന്നുണ്ടാക്കിയതെന്നും അതിന്റെ ഭാഗമാണ് ഇത്തരം റിപോര്‍ട്ടുകളെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

പോലിസിലെ മുസ്‌ലിം പേരുകാരായ ഉദ്യോഗസ്ഥരെ സംശയദൃഷ്ടിയില്‍ നിര്‍ത്താനും, അവരുടെ വിശ്വാസ്യത തകര്‍ക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരം വാര്‍ത്തകളെന്നും കേരളാ പോലിസ് തന്നെ പ്രതികരിച്ചതിനാല്‍ ഈ നുണക്കഥ പൊളിഞ്ഞെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

തിരിച്ചുപറയാന്‍ ആളില്ലെന്ന് ഉറപ്പുള്ള ഗോള്‍ പോസ്റ്റുകളിലേയ്ക്ക് ഇവരുടെ ഭാവനാ വിലാസങ്ങളും, എച്ചില് കൊടുക്കുന്ന യജമാനന്മാരുടെ പ്രോപഗണ്ട വാര്‍ത്തകളും ഇപ്പോഴും അരങ്ങു തകര്‍ക്കുകയാണെന്നും അഭ്യസ്തവിദ്യരെന്ന് സ്വയം കരുതുന്ന മതേതര കേരളം അതൊക്കെ തൊള്ളതൊടാതെ വിഴുങ്ങുകയാണെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം, വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കേരളാ പോലിസിന് ധൈര്യമുണ്ടോയെന്നും കേരള പോലിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വാര്‍ത്ത നിഷേധിച്ചു കൊണ്ടുള്ള കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റിട്ടത്.


Full View

Tags:    

Similar News