ഇ പി ജയരാജന്റേതെന്ന് പറയുന്ന ആത്മകഥ ചോര്‍ന്ന സംഭവം: ഡിസി ബുക്‌സിനെതിരേ കേസ്
കോട്ടയം: സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനു മുമ്പേ പ്രചരിപ്പിച്ച സംഭവത്തില്‍ ഡിസി ബുക്‌സിനെതിരേ കേസെടുത്ത് പോലിസ്. ഡിസി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജരായിരുന്ന എ വി ശ്രീകുമാറാണ് കോട്ടയം ഈസ്റ്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതി. വിഷയത്തില്‍ കേസെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവി എ ഷാഹുല്‍ ഹമീദിന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. പ്രാഥമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശ്വാസ വഞ്ചനാ കുറ്റവും ഡിജിറ്റല്‍ കോപ്പി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ഐടി ആക്ടും ചുമത്തും.
ആത്മകഥാ വിവാദത്തില്‍ വെള്ളിയാഴ്ച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ആത്മകഥ ചോര്‍ന്നത് ഡിസി ബുക്‌സില്‍നിന്ന് തന്നെയാണെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇ പി ജയരാജനും ഇപിയുമായി ഇതുസംബന്ധിച്ച് ഒപ്പിട്ട കരാറില്ലെന്ന് രവി ഡിസിയും പോലീസിന് മൊഴി നല്‍കിയിരുന്നു.