ആശുപത്രിയിലേക്കുള്ള വഴിമധ്യേ സന്നദ്ധ പ്രവര്‍ത്തകനു പോലിസ് മര്‍ദ്ദനം

പുന്നോലില്‍ വച്ച് എസ്എച്ച്ഒ രതീഷ് വാഹനം നിര്‍ത്തിക്കുകയും കാരണമൊന്നും അന്വേഷിക്കാതെ വലിച്ചിറക്കി മാതാവിന്റെ മുന്നില്‍വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു

Update: 2020-05-05 14:20 GMT

തലശ്ശേരി: മാതാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോവുന്നകയായിരുന്ന സന്നദ്ധ പ്രവര്‍ത്തകനു നേരെ പോലിസ് അതിക്രമം. ന്യൂമാഹി പഞ്ചായത്തിനു കീഴില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ അനുമതിയുള്ള പുന്നോല്‍ മാതൃക ബസ് സ്‌റ്റോപ്പിനു സമീപത്തെ ആലംമ്പത്ത് റിഫാദിനെയാണ് വാഹനത്തില്‍നിന്ന് പിടിച്ചിറക്കി ന്യൂ മാഹി പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ രതീഷ് ക്രൂരമായി മര്‍ദ്ദിച്ചത്. രോഗിയായ മാതാവിനോടൊപ്പം തലശ്ശേരിയിലെ ആശുപത്രിയിലേക്കു പോവുന്നതിനിടെയാണു സംഭവം. പുന്നോലില്‍ വച്ച് എസ്എച്ച്ഒ രതീഷ് വാഹനം നിര്‍ത്തിക്കുകയും കാരണമൊന്നും അന്വേഷിക്കാതെ വലിച്ചിറക്കി മാതാവിന്റെ മുന്നില്‍വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ റിഫാദിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കു മാറ്റി.

    സംഭവത്തില്‍ ന്യൂ മാഹി പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ രതീഷിനെതിരേ നടപടിയെടുക്കണമെന്ന് എസ് ഡിപിഐ തലശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ അനുവദിച്ച വോളന്റിയര്‍ പാസുകള്‍ ഉള്ളവരെ പോലും ഒരു കാരണവുമില്ലാതെ മര്‍ദ്ദിച്ച് എസ്എച്ച്ഒ രതീഷിന്റെ ക്രൂരത ഇതിന് മുമ്പും ജനങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. ചെറുകല്ലായിയില്‍ കൊവിഡ് രോഗം ബാധിച്ചു മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരാതിരിക്കാന്‍ ഇന്റലിജന്‍സ് റിപോര്‍ട്ടുണ്ടെന്ന് പറഞ്ഞ് കുടുംബക്കാരെ ഭയപ്പെടുത്തിയതായും ഇദ്ദേഹത്തിനെതിരേ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

    ഇത്തരം തേര്‍വാഴ്ചക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി ഡിജിപി, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കാനും എസ് ഡിപിഐ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഇതേ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാ ഭരണകൂടവും ഉന്നത ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണമെന്ന് എസ്ഡിപി ഐ മണ്ഡലം പ്രസിഡന്റ് അഡ്വ. കെ സി ഷബീര്‍, മണ്ഡലം സെക്രട്ടറി നൗഷാദ് ബംഗ്ല, അഷ്ഫാഖ് എന്നിവര്‍ ആവശ്യപ്പെട്ടു.




Tags:    

Similar News