രാഷ്ട്രീയ പ്രതിസന്ധി; മലേസ്യന്‍ പ്രധാനമന്ത്രി പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആഹ്വാനം
ഈ സര്‍ക്കാരിന് 2023 സെപ്റ്റംബര്‍ വരെ കാലാവധി ഉണ്ടെങ്കിലും സഖ്യത്തിനുള്ളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ മൂലം തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സഖ്യകക്ഷികളില്‍ നിന്ന് ഇസ്മാഈല്‍ യഅ്കൂബിന് ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നു.
ക്വാലാലംപുര്‍: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ മലേസ്യന്‍ പ്രധാനമന്ത്രി ഇസ്മാഈല്‍ സ്വബ്‌രി യഅ്കൂബ് തിങ്കളാഴ്ച പാര്‍ലമെന്റ് പിരിച്ചുവിട്ടു. കൂടുതല്‍ ശക്തമായ ജനവിധി നേടാനും കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്തെ ബാധിച്ച പ്രതിസന്ധികള്‍ മറികടക്കാനുമുള്ള പ്രതീക്ഷയില്‍ നേരത്തെയുള്ള തെരഞ്ഞെടുപ്പിന് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. കൊവിഡ് മഹാമാരിയില്‍ നിന്ന് കരകയറുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് വര്‍ദ്ധിച്ചുവരുന്ന ചെലവുകളും ആഗോള മാന്ദ്യവും പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ഭരണകക്ഷി തിരഞ്ഞെടുപ്പിന് തിരക്ക് കൂട്ടുന്നത്. ഈ സര്‍ക്കാരിന് 2023 സെപ്റ്റംബര്‍ വരെ കാലാവധി ഉണ്ടെങ്കിലും സഖ്യത്തിനുള്ളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ മൂലം തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സഖ്യകക്ഷികളില്‍ നിന്ന് ഇസ്മാഈല്‍ യഅ്കൂബിന് ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നു.
പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള തന്റെ അഭ്യര്‍ത്ഥന രാജ്യത്തെ രാജാവ് അംഗീകരിച്ചതായും തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുമെന്നും ടെലിവിഷന്‍ പ്രസംഗത്തില്‍ ഇസ്മായില്‍ പറഞ്ഞു. പാര്‍ലമെന്റ് പിരിച്ചുവിട്ട് 60 ദിവസത്തിനകം വോട്ടെടുപ്പ് നടത്തണമെന്നാണ് രാജ്യത്തെ ചട്ടം. തിരഞ്ഞെടുത്ത തീയതി വര്‍ഷാവസാന മണ്‍സൂണ്‍ സീസണില്‍ വന്നാല്‍ വോട്ടര്‍മാരുടെ എണ്ണം കുറയും.
തന്റെ സര്‍ക്കാരിന്റെ നിയമസാധുതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അവസാനിപ്പിക്കാനും ജനവിധി ജനങ്ങളിലേക്ക് തിരികെ കൊണ്ടുവരാനുമാണ് താന്‍ തിരഞ്ഞെടുപ്പിന് ആഹ്വാനംചെയ്യുന്നതെന്ന് ഇസ്മായില്‍ പറഞ്ഞു.
'പൊതു തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സ്ഥിരത പ്രകടമാക്കുന്നതിനും ശക്തവും സുസ്ഥിരവും ആദരണീയവുമായ ഒരു സര്‍ക്കാര്‍ സൃഷ്ടിക്കുന്നതിനുമുള്ള ശക്തമായ മറുമരുന്നാണ് ജനങ്ങളുടെ ജനവിധി' ഇസ്മായില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചിട്ടില്ല. അവസാന പൊതുതിരഞ്ഞെടുപ്പ് നടന്ന 2018 മുതല്‍ മലേസ്യയില്‍ രാഷ്ട്രീയഅനിശ്ചിതത്വം നിലനില്‍ക്കുകയാണ്. വ്യാപകമായ അഴിമതി ആരോപണങ്ങള്‍ക്കിടെ സ്വാതന്ത്ര്യത്തിന് ശേഷം 60 വര്‍ഷത്തിലേറെയായി ഭരിച്ചിരുന്ന യുണൈറ്റഡ് മലെയ്‌സ് നാഷണല്‍ ഓര്‍ഗനൈസേഷന്‍ പാര്‍ട്ടിയെ പരാജയപ്പെടുത്തി പ്രതിപക്ഷം ചരിത്രം കുറിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. എന്നാല്‍ വിജയിച്ച സഖ്യം രണ്ട് വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് തകര്‍ന്നു. എന്നാല്‍ ഒരു പുതിയ സഖ്യത്തില്‍ പ്രധാനമന്ത്രിയുടെ യുഎംഎന്‍ഒ അധികാരത്തില്‍ തിരിച്ചെത്തി.
2018ലെ തിരഞ്ഞെടുപ്പിന് ശേഷം മലേസ്യയ്ക്ക് മൂന്ന് പ്രധാനമന്ത്രിമാരാണുണ്ടായത്. 2021 ഓഗസ്റ്റില്‍ അധികാരത്തിലെത്തിയ ഇസ്മായില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെ മലേസ്യന്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം പദവിയിലിരുന്ന പ്രധാനമന്ത്രിയായി മാറി.
ഇസ്മാഈല്‍ യഅ്കൂബ് നേരത്തെ വിവിധ മന്ത്രിപദങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. 2015ല്‍ വാണിജ്യ മന്ത്രിയായും, 2020 മാര്‍ച്ചില്‍ യാസീന്‍ അധികാരമേറ്റപ്പോള്‍ പ്രതിരോധ മന്ത്രിയായും നിയമിക്കപ്പെട്ടു. 2020ല്‍ ജൂലൈയില്‍ ഉപപ്രധാനമന്ത്രിയായി സ്ഥാനക്കയറ്റവും ലഭിച്ചിരുന്നു.