ലോക്‌സഭാ തിരഞ്ഞെടുപ്പ്: യുട്യൂബില്‍ ഹിന്ദുത്വരും വിമര്‍ശകരും തമ്മിലുള്ള യുദ്ധം മുറുകുന്നു

2014ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ 545 മണ്ഡലങ്ങളില്‍ 160 എണ്ണത്തെ സോഷ്യല്‍ മിഡീയ സ്വാധീനിച്ചതായി ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഇത് 300ലേറെ മണ്ഡലങ്ങളായി മാറുമെന്ന് ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹെഡ് അങ്കിത് ലാല്‍ പറഞ്ഞു.

Update: 2019-02-03 11:22 GMT

ന്യൂഡല്‍ഹി: ഒക്ടോബര്‍ 17ന് ദി ഓപ്പണ്‍ ലെറ്റര്‍ എന്ന യുട്യൂബ് ചാനലില്‍ ഒരു വാര്‍ത്ത വന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പാകിസ്താന്‍കാരെ ലക്ഷ്യമിട്ട് ഒരു പരസ്യമിട്ടെന്നും ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീക്കുക മാത്രമേ വഴിയുള്ളൂ എന്നാണ് പരസ്യത്തില്‍ പറയുന്നതെന്നുമായിരുന്നു വാര്‍ത്ത. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഈ ആരോപണം ട്വിറ്ററില്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സംഭവം നിഷേധിച്ചെങ്കിലും വൈകുന്നേരത്തോടെ റിപബ്ലിക് ടിവിയില്‍ പ്രൈം ടൈം ചര്‍ച്ചയ്ക്കുള്ള വിഷയമാക്കി അര്‍ണബ് ഗോസ്വാമി സംഭവം ഏറ്റെടുത്തു.

ദി ഓപ്പണ്‍ ലെറ്റര്‍ ഉള്‍പ്പെടെയുള്ള യുട്യൂബര്‍മാര്‍ ഇന്ത്യന്‍ യുവതയുടെ രാഷ്ട്രീയ ചിന്തകളെ സ്വാധീനിക്കുന്നത് എങ്ങിനെയെന്നും മേല്‍ക്കോയ്മാ മാധ്യമങ്ങളുടെ ചര്‍ച്ചകളെപ്പോലും ഇത് നിയന്ത്രിക്കുന്നതെങ്ങിനെയെന്നുമുള്ളതിന്റെ ഉദാഹരണമാണ് മേല്‍പ്പറഞ്ഞ സംഭവം.

2014ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ 545 മണ്ഡലങ്ങളില്‍ 160 എണ്ണത്തെ സോഷ്യല്‍ മിഡീയ സ്വാധീനിച്ചതായി ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഇത് 300ലേറെ മണ്ഡലങ്ങളായി മാറുമെന്ന് ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹെഡ് അങ്കിത് ലാല്‍ പറഞ്ഞു.

യുട്യൂബിനെ ഒരു രാഷ്ട്രീയ ആയുധമാക്കുന്നതില്‍ ആദ്യം ശ്രദ്ധപിടിച്ചുപറ്റിയത് ധ്രുവ് രതീ എന്ന 24കാരന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ചാനലിന് 14 ലക്ഷം സബ്‌ക്രൈബര്‍മാര്‍ ഉണ്ട്. 2013ല്‍ തന്റെ യാത്രകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ധ്രുവ് രതീ ചാനല്‍ തുടങ്ങിയത്. എന്നാല്‍, 2014ലെ പൊതു തിരഞ്ഞെടുപ്പ് വന്നതോടെ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോവുന്ന ബിജെപിയെ തുറന്നുകാട്ടാനായി ചാനല്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.

Full View

ഭരണകക്ഷിയെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നുണ്ടെങ്കിലും സ്വയം ഒരു ബിജെപി വിരുദ്ധന്‍ എന്നറിയപ്പെടാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. പൊതുജനങ്ങളില്‍ വിമര്‍ശനാത്മക ചിന്തയും അവബോധവും ഉണര്‍ത്തുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നാണ് ധ്രുവ് രതീ അവകാശപ്പെടുന്നത്. ആകാശ് ബാനര്‍ജി, വലി റഹ്മാനി, കുമാര്‍ ശ്യം തുടങ്ങിയവരും ബിജെപിയെ തുറന്നുകാട്ടുന്ന പ്രമുഖ യുട്യൂബര്‍മാരാണ്. ഭൂരിഭാഗം ടിവി ചാനലുകളും മോദി സ്തുതി പാടുമ്പോള്‍ മറുപക്ഷം പറയാന്‍ ആരെങ്കിലും വേണ്ടേ എന്നാണ് ഡല്‍ഹിയില്‍ നിയമ വിദ്യാര്‍ഥിയായ വലി റഹ്മാനിയുടെ ചോദ്യം.

ഇംഗ്ലീഷും ഹിന്ദിയും കൂട്ടിക്കലര്‍ത്തിയ രതീയുടെ വീഡിയോകള്‍ പ്രധാനമായും ഇന്ത്യയിലെ നഗരപ്രേക്ഷകരെയാണ് ആകര്‍ഷിക്കുന്നത്. ഹിന്ദി ബെല്‍റ്റിലാണ് ശ്യാമിന്റെ ഫോളോവര്‍മാര്‍. വാര്‍ത്തകളുടെ ഉള്ളറകള്‍ തേടുന്നതും സര്‍ക്കാര്‍ പ്രചാരണങ്ങളെ പൊളിച്ചുകാട്ടുന്നതുമാണ് ഇവരുടെ വീഡിയോകളില്‍ മിക്കതും. റഹ്മാനിയും ഏറെക്കുറെ സമാനമായ വീഡിയോകളാണ് പുറത്തിറക്കുന്നതെങ്കിലും പ്രധാന ഫോക്കസ് മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്.

ബാനര്‍ജിയുടെ വീഡിയോ ആക്ഷേപഹാസ്യത്തിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ദേശ് ഭകത് എന്ന ഹിന്ദു ദേശീയ വാദിയാണ് പ്രധാന കഥാപാത്രം.

Full View

എന്നാല്‍, ഈ സര്‍ക്കാര്‍ വിമര്‍ശകരെ നേരിടുന്നതിന് 2017-18 വര്‍ഷം നിരവധി ബിജെപി അനുകൂല ചാനലുകളും ഉയര്‍ന്നു വന്നിട്ടുണ്ട്. ദി ശാം ശര്‍മ ഷോ, എഫ്എംഎഫ്, ആജ് കി താസാ ഖബര്‍, ആന്‍ ഓപ്പണ്‍ ലെറ്റര്‍ തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം. ബിജെപിയെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍, വ്യക്തികള്‍, പ്രതിപക്ഷം എന്നിവരെ ആക്രമിക്കുകയാണ് ഇവയുടെ പ്രധാന കലാപരിപാടി. ധ്രുവ് രതീ ഉള്‍പ്പെടെയുള്ളവര്‍ പല തവണ ഈ ചാനലുകളില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മാധ്യമ രംഗത്തും അക്കാദമിക തലത്തിലും ഒരു ഹിന്ദുവിരുദ്ധ സമീപനം വളര്‍ന്നുവരുന്നുണ്ടെന്നും അതിനെ നേരിടുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ശര്‍മ അവകാശപ്പെടുന്നു.

Full View

അതേ സമയം, സബ്‌ക്രൈബര്‍മാരുടെയും കാഴ്ചക്കാരുടെയും എണ്ണത്തില്‍ ഈ ചാനലുകള്‍ക്കൊന്നും ബിജെപി വിരുദ്ധ ചാനലുകളുടെ ഒപ്പമെത്താന്‍ കഴിഞ്ഞിട്ടില്ല. ദി ശാം ശര്‍മ ഷോ, എഫ്എംഎഫ്, ആജ് കി താസാ ഖബര്‍, ആന്‍ ഓപ്പണ്‍ ലെറ്റര്‍ എന്നിവയ്‌ക്കെല്ലാം കൂടി 6.4 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണുള്ളത്. അതേ സമയം, രതീ, ബാനര്‍ജി ഉള്‍പ്പെടെയുള്ളവരുടെ ചാനലുകള്‍ക്ക് 21 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. ഇതില്‍ അദ്ഭുതമൊന്നുമില്ലെന്നാണ് ധ്രുവ് രതീയുടെ പക്ഷം. ഹിന്ദുത്വ ആശയങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ ടെലിവിഷന്‍ ചാനലുകള്‍ പ്രചിരിപ്പിക്കുമ്പോള്‍ അവരെന്തിന് യുട്യൂബ് ചാനലുകളെ ആശ്രയിക്കണമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

Tags:    

Similar News