നവാസിന്റെ അറസ്റ്റ്;പോലിസിന്റെ ദുരുപയോഗം അരാജകത്വം സൃഷ്ടിക്കും:പോപുലര്‍ ഫ്രണ്ട്
ബോധപൂര്‍വമായ മുസ്‌ലിം വേട്ട തുടരാനാണ് നീക്കമെങ്കില്‍ അതിനെതിരായ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതായും സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു
കോഴിക്കോട്:പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍.സമ്മേളനം സംഘടിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അന്യായമായി കേസെടുത്ത് അറസ്റ്റ് ചെയ്ത നവാസിനെ ഉടന്‍ വിട്ടയക്കണമെന്നും മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.
റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ കഴിഞ്ഞ ദിവസം ജനലക്ഷങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ജനമഹാസമ്മേളനത്തില്‍ ഒരു കുട്ടി വിളിച്ച മുദ്രാവാക്യമാണത്രേ അറസ്റ്റ് ചെയ്യാനുള്ള കാരണം. പോലിസിന്റെ ഈ നിലപാട് ഏകപക്ഷീയമാണ്. മതവിഭാഗങ്ങള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചുവെന്ന് പറഞ്ഞ് ആര്‍എസ്എസ് ഉണ്ടാക്കിയ പ്രചരണത്തില്‍ തലവച്ച് കൊടുക്കുകയാണ് പോലിസ് ചെയ്തിരിക്കുന്നത്. പോലിസില്‍ ആര്‍എസ്എസ് വല്‍ക്കരണം ശക്തിപ്പെട്ട് വരുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന റാലിയില്‍ കുട്ടി വിളിച്ച മുദ്രാവാക്യം മുഴുവനും ആര്‍എസ്എസ് ഭീകരതക്ക് എതിരായിരുന്നു.വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ച്, അത് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരാണെന്ന് വരുത്തിതീര്‍ക്കാനാണ് ആര്‍എസ്എസും ഒരുവിഭാഗം മാധ്യമങ്ങളും ശ്രമിച്ചതെന്നും മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
മുസ്‌ലിംകള്‍ക്കെതിരെ കൊലവിളി നടത്തിയവരും വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയവരും യഥേഷ്ടം സൈ്വര്യവിഹാരം നടത്തുകയും അവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന അതേ പോലിസ് തന്നെയാണ് ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ വ്യാപകമായ അറസ്റ്റിന് മുതിര്‍ന്നിരിക്കുന്നത്.കെ പി ശശികല, ടി ജി മോഹന്‍ദാസ്, പി സി ജോര്‍ജ്, കെ ആര്‍ ഇന്ദിര, എന്‍ ഗോപാലകൃഷ്ണന്‍, ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയ നിരവധി പേരാണ് മുസ്‌ലിംകള്‍ക്കെതിരെ വംശീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തിയത്. ഇതില്‍ ഒന്നില്‍ പോലും കാര്യക്ഷമമായ നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. ആഭ്യന്തര വകുപ്പ് ഈ വിദ്വേഷ പ്രചാരകരെ കയറൂരി വിട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെട്ട ഹിന്ദു സമ്മേളനത്തില്‍ ഉടനീളം ഇതേ മുസ്‌ലിം വിരുദ്ധതയാണ് ഉണ്ടായിട്ടുള്ളത്. അതില്‍ പ്രസംഗിച്ച ജോര്‍ജിനെതിരെ കേസെടുക്കല്‍ നാടകം നടത്തിയതല്ലാതെ അതിന്റെ സംഘാടകര്‍ക്കെതിരെ കേസെടുക്കാന്‍ പോലും ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല.പോലിസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടാന്‍ ഇത്തരം നീക്കങ്ങള്‍ കാരണമാവുമെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.
നിയമവാഴ്ചയുടെ പരസ്യമായ വിവേചനം നാട്ടില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുകയാണ് ചെയ്യുക.അത്തരമൊരു അപകടകരമായ നിലയിലേക്ക് നാടിനെ എത്തിക്കാതിരിക്കാനും പോലിസിനെ നേര്‍വഴിക്ക് നടത്താനും ആഭ്യന്തര വകുപ്പ് ജാഗ്രത പുലര്‍ത്തണം.ബോധപൂര്‍വമായ മുസ്‌ലിം വേട്ട തുടരാനാണ് നീക്കമെങ്കില്‍ അതിനെതിരായ പ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതായും സി പി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു.