പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ കേസ്: മുഴുവന്‍ പേരെയും വടകര കോടതി വെറുതെവിട്ടു
വടകര: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പേരില്‍ വടകര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഴുവന്‍ പേരെയും കോടതി വെറുതെവിട്ടു. ഷൗക്കത്ത്, നഫ്‌നാസ്, നിസാമുദ്ദീന്‍, മുഹമ്മദ് സജീര്‍, സുഹൈല്‍, അബ്ദുല്‍ സത്താര്‍, മുഹമ്മദ് അഷ്‌റഫ് മാസ്റ്റര്‍, ഫിയാസ്, സമീര്‍ കുഞ്ഞിപ്പള്ളി, എന്‍ കെ സജീര്‍ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ടെത്തി വടകര മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്. ബിജെപി നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനു മുന്നോടിയായി രാജ്യവ്യാപകമായി നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് 2022 സപ്തംബര്‍ 23ന് പോപുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിന്റെ പേരിലാണ് കേസെടുത്തത്. ക്രൈംനമ്പര്‍ സിസി 594/23 പ്രകാരം ഇവര്‍ക്കെതിരേ ഐപിസി 109, 120(ബി), 143, 341, 427, 149, പൊതുമുതല്‍ നശിപ്പിക്കല്‍ നിയമത്തിലെ സെക്ഷന്‍ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. കുറ്റാരോപിതര്‍ക്കു വേണ്ടി അഭിഭാഷകരായ കുട്ട്യാലി, റാഷിദ് കാവില്‍ എന്നിവര്‍ ഹാജരായി.