രാജ്യം സമ്പൂര്‍ണ തകര്‍ച്ചയിലേക്ക്; ഫാഷിസ്റ്റ് ഭരണകൂടത്തെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുകയാണ് ഏക പോംവഴി: പോപുലര്‍ ഫ്രണ്ട്
നരേന്ദ്രമോദിയുടെ ഏഴു വര്‍ഷത്തെ ഭരണത്തില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് സമ്പദ്ഘടനയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ ആഗോള മണ്ടത്തരമായ നോട്ടു നിരോധനത്തിനു ശേഷം ഒരിക്കല്‍പോലും രാജ്യത്ത് സാമ്പത്തിക വളര്‍ച്ച ഉണ്ടായിട്ടില്ലെന്നതും വസ്തുതയാണ്. സി പി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കോഴിക്കോട്: രാജ്യം സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്നും ഫാഷിസ്റ്റ് ഭരണകൂടത്തെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുകയാണ് രാജ്യത്തെ സംരക്ഷിക്കാനുള്ള ഏക പോംവഴിയെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ കുറിച്ചുള്ള ഇന്നത്തെ ചിത്രം ദയനീയമാണ്. 2020-21 സാമ്പത്തികവര്‍ഷം വിലയിരുത്തുമ്പോള്‍ ഇന്ത്യയിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.3 ശതമാനം താഴോട്ടു പോയിയിരിക്കുന്നു. കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. ധനക്കമ്മി 18.21 ലക്ഷം കോടി രൂപയാണ് രേഖപ്പെടുത്തിയത്. ഇത് ജിഡിപിയുടെ 9.3 ശതമാനം വരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏഴു വര്‍ഷത്തെ ഭരണത്തില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് സമ്പദ്ഘടനയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ ആഗോള മണ്ടത്തരമായ നോട്ടു നിരോധനത്തിനു ശേഷം ഒരിക്കല്‍പോലും രാജ്യത്ത് സാമ്പത്തിക വളര്‍ച്ച ഉണ്ടായിട്ടില്ലെന്നതും വസ്തുതയാണ്. സി പി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
2008ന് ശേഷമുണ്ടായ ആഗോളമാന്ദ്യത്തിന് ശേഷം 2013 വരെ അതിന്റെ ആഘാതം നമ്മളുടെ രാജ്യത്ത് നിലനിന്നിരുന്നു. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ അവസാന കാലത്ത് രാജ്യം പുരോഗതിയിലേക്ക് പോവാനുള്ള സാധ്യത പ്രകടമാക്കിയിരുന്നു. ഈയൊരു മുന്നേറ്റത്തെ തുടര്‍ന്നെത്തിയ മോദി സര്‍ക്കാര്‍ തെറ്റായ സാമ്പത്തിക നയങ്ങള്‍ കൊണ്ട് മോശമായ അവസ്ഥയിലേക്ക് തള്ളിവിടുകയായിരുന്നു. നിലവിലെ സാമ്പത്തിക രംഗത്തെ പരാജയം കോവിഡിനെ മറയാക്കി ഒളിച്ചോടാനാണ് എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, കോവിഡ് വരുന്നതിന് മുമ്പേ തന്നെ രാജ്യത്തിന്റെ ഗ്രാഫ് താഴേക്ക് തന്നെയായിരുന്നു എന്നതാണ് വസ്തുത.
രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് നേരെയുള്ള മിന്നല്‍ ആക്രമണമായിരുന്നു നോട്ട് നിരോധനമെന്നതില്‍ സംശയമില്ല. രാജ്യത്തെ കള്ളപ്പണത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നതായിരുന്നു ഇതിനു പിന്നിലുള്ള പ്രഖ്യാപനം. 2016 നവംബര്‍ 8ലെ നോട്ട് നിരോധനത്തോടെ രാജ്യത്തെ കള്ളപ്പണ മൊത്തം ഇല്ലാതായെന്നും ബിജെപി പ്രചാരണം നടത്തി. എന്നാല്‍ കേരളത്തിലേക്ക് അടുത്തിടെ ഒഴുകിയ കള്ളപ്പണത്തിന്റെ കടിഞ്ഞാണ്‍ ബിജെപി ആര്‍എസ്എസ് നേതാക്കളുടെ കരങ്ങളില്‍ ഭദ്രമാണെന്ന തെളിവുകള്‍ പുറത്തുവന്നിട്ടും
കള്ളപ്പണമെന്ന് കേട്ടാല്‍ ചാടിവീഴുന്ന ഏമാന്‍മാര്‍ ഇതുവരെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നതായി അറിവില്ല.
രാജ്യം സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുമ്പോഴും തടിച്ചു കൊഴുക്കുന്ന ഒരേയൊരു പാര്‍ട്ടി ബിജെപി മാത്രമാണെന്നതും ഈ ഘട്ടത്തില്‍ കാണേണ്ടതുണ്ട്. ഇക്കഴിഞ്ഞ കാലങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ കോടികളാണ് ബിജെപി ഒഴുക്കിയത്. ഒരു സീറ്റിലും ജയിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരം പിടിക്കാനായി ബിജെപി 400 കോടി രൂപ ഒഴുക്കിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വിജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളില്‍ പ്രചരണത്തിനു മാത്രം ആറ് കോടി രൂപ വരെ ചിലവഴിച്ചതായാണ് വാര്‍ത്തകള്‍. ഈ പണത്തിന്റെ ഉറവിടം വ്യക്തമാവേണ്ടതുണ്ട്. തിരഞ്ഞെടുപ്പില്‍ സി കെ ജാനുവിന് 10 ലക്ഷം നല്‍കിയതായും ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം കള്ളപ്പണമാണെന്നതില്‍ സംശയമില്ല. കൊടകര കുഴല്‍പ്പണ കേസില്‍ സംസ്ഥാന ബിജെപി നേതൃത്വങ്ങളെ പ്രതിക്കൂട്ടിലാക്കി കാര്യങ്ങള്‍ നീങ്ങുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗ വിവരങ്ങളും പുറത്തുവരുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുകയും തിരഞ്ഞെടുപ്പ് പ്രചരണത്തിന് എന്നപേരില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുകയും ചെയ്തത് ഇതിനോടകം സംശയത്തിന് ഇടനല്‍കിയിട്ടുണ്ട്. കെ സുരേന്ദ്രന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വേഗത്തില്‍ എത്തുന്നതിനാണ് ഹെലികോപ്റ്റര്‍ സൗകര്യം ഏര്‍പ്പെടുത്തിയത് എന്നാണ് ആദ്യഘട്ടത്തില്‍ ബിജെപി പറഞ്ഞിരുന്നത്. എന്നാല്‍ കൊടകരയിലെ കള്ളപ്പണ വേട്ടയിലൂടെ ബിജെപി ആര്‍എസ്എസ് നേതാക്കളുടെ പങ്കാളിത്തം ഓരോന്നായി പുറത്തുവരുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് ഹെലികോപ്റ്ററില്‍ കേരളം ചുറ്റിക്കറങ്ങി നടന്ന സുരേന്ദ്രന്റെ ആകാശയാത്ര സംശയാസ്പദമാണ്. റോഡുമാര്‍ഗമുള്ള പോലിസിന്റെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും പരിശോധനകളില്‍ നിന്നും രക്ഷപെടാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിരുന്നോ എന്ന സംശയങ്ങള്‍ ഈ ഘട്ടത്തില്‍ തള്ളിക്കളയാനാവില്ല.
കള്ളപ്പണ ഇടപാടില്‍ ആര്‍എസ്എസ് ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളുടെയും പോഷക സംഘടന നേതാക്കളുടെയും പങ്കാളിത്തം പുറത്തുവരികയും നിരവധി സംശയങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരുപക്ഷേ, ദക്ഷിണേന്ത്യയിലെ തന്നെ കള്ളപ്പണത്തിന്റെ ഉറവിടമറിയാന്‍ ഇത് സഹായകരമായേക്കും. ബിജെപി ആര്‍എസ്എസ് നേതാക്കളുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഒഴുക്കിയ കോടിയുടെ കള്ളപ്പണം അന്വേഷിക്കാന്‍ ഇഡി തയ്യാറാവാത്തതും ശ്രദ്ധേയമാണ്. ഈ കേസ് അന്വേഷിക്കുന്നത് തങ്ങളുടെ പണിയല്ലെന്ന് പറയുന്ന അവര്‍ വിമര്‍ശിക്കുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും എന്തിനേറെ മാധ്യമ പ്രവര്‍ത്തകരെ വരെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്യുന്നു. കേവലം 5000 രൂപ ഒരാള്‍ക്ക് അയച്ചുവെന്നതിന്റെ പേരില്‍ കേരളത്തിലെ വിദ്യാര്‍ഥി നേതാവിനെ അറസ്റ്റ് ചെയ്ത ഇഡി സംസ്ഥാനത്ത് കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ ചെറുതല്ല. കൂടാതെ ഭരണപ്രതിപക്ഷ ഭേദമന്യേ കേരളത്തില്‍ മറ്റ് നിരവധിയായ കേസുകളിലും ആരോപണങ്ങളിലും ഇഡിയുടെ ഇടപെടലുകള്‍ സജീവമായിരുന്നു. കഴിഞ്ഞ ദിവസം കൊടകര കള്ളപ്പണവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ മാധ്യമ പ്രവര്‍ത്തകനായ വിനുവിന് ഭീഷണി സന്ദേശം അയച്ചത് കേന്ദ്ര ഏജന്‍സിയാണെന്ന് അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയിരുന്നു. ഇത്തരം അതിരുവിട്ട പ്രവര്‍ത്തനങ്ങളിലൂടെ ആര്‍എസ്എസിന്റെ പോഷക സംഘടന എന്ന നിലയിലേക്ക് കേന്ദ്ര ഏജന്‍സിയായ ഇഡി അധപതിച്ചിരിക്കുകയാണ്. കള്ളപ്പണത്തിന് പിന്നിലുള്ള ബിജെപി ആര്‍എസ്എസ് ബന്ധം തന്നെയാണ് ഇഡിയുടെ നിര്‍ബന്ധിത മൗനത്തിന് പിന്നിലെന്നതും വ്യക്തമാണ്.
മറുവശത്ത്, രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകരുകയും കോവിഡ് മഹാമാരി പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യുമ്പോള്‍ അദാനി മാരും മറ്റ് കോര്‍പറേറ്റുകളും തടിച്ചുകൊഴുക്കുകയാണ്. മാത്രമല്ല, ഭീമന്‍ കൊള്ള നടത്തിയ മറ്റുചില വമ്പന്‍മാരാവട്ടെ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്താല്‍ വിദേശത്തേക്ക് കടക്കുകയും ചെയ്തു. ഭരണഘടനയേയും ജനാധിപത്യത്തെയും അട്ടിമറിച്ച് കുതിരക്കച്ചവടത്തിലൂടെയും ചാക്കിട്ട് പിടുത്തത്തിലൂടെയും എംഎല്‍എമാരെ വിലക്കെടുത്ത് വിലകുറഞ്ഞതും നാണംകെട്ടതുമായ തന്ത്രങ്ങള്‍ കളിച്ചാണ് ഗോവ, മധ്യപ്രദേശ്, കര്‍ണാടക, പോണ്ടിച്ചേരി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലേറിയത്. ബിജെപിയുടെ കള്ളപ്പണത്തെയും കുതിര കച്ചവടത്തെയും കണ്ടില്ലെന്ന് നടിച്ച് കാവല്‍ നില്‍ക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലുള്ള അന്വേഷണ ഏജന്‍സികള്‍ മറുവശത്ത് എതിര്‍ശബ്ദങ്ങളെ വേട്ടയാടാന്‍ സര്‍വ സന്നാഹമൊരുക്കി കാത്തിരിക്കുകയുമാണ്. അധികാരത്തിന്റേയും ആള്‍ബലത്തിന്റേയും ഹുങ്കില്‍ നടക്കുന്ന ഇത്തരം കാപട്യങ്ങളെ ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.
അടപടലം തകര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ അധികാരത്തില്‍ നിന്നും ഇവരെ മാറ്റി നിര്‍ത്താന്‍ ജനകീയമായ സമരങ്ങള്‍ മാത്രമാണ് പോംവഴി. പെട്രോള്‍ വില 100 രൂപ കവിഞ്ഞിരിക്കുന്നു. പാചക വാതകത്തിനും ആവശ്യവസ്തുക്കള്‍ക്കും വില കുതിച്ചു കയറി. വര്‍ഗീയത വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ച് നാടിന്റെ സാഹോദര്യം തകര്‍ക്കാനും ശ്രമം നടക്കുന്നു. ഇതിനെതിരെ ക്ഷമകെട്ട മനുഷ്യര്‍ തെരുവിലിറങ്ങേണ്ടി വരുമെന്നതില്‍ സംശയമില്ല. ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധങ്ങളേയും എതിര്‍പ്പിനേയും തടയാനാണ് പൗരത്വ നിയമം പോലുള്ള കാര്യങ്ങള്‍ എടുത്തിട്ട് ശ്രദ്ധ തിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരം കാപട്യങ്ങളെ മറികടന്ന് ഇന്ത്യയുടെ യഥാര്‍ത്ഥ പൈതൃകം തിരിച്ചുപിടിക്കാന്‍ ജനങ്ങള്‍ രംഗത്തുവരണം. ഫാഷിസ്റ്റ് ഭരണകൂടത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാന്‍ രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ അനിവാര്യമായിരിക്കുന്നു.