വഖഫ് സംരക്ഷണം: പിന്മാറേണ്ട സമരമല്ല; മുന്‍ഗണന നിശ്ചയിക്കുന്നിടത്ത് സമുദായ നേതൃത്വം ജാഗ്രത കാണിക്കണമെന്ന് സി പി മുഹമ്മദ് ബഷീര്‍

വഖഫ് വിഷയം കേരളത്തിലെ മുസ്‌ലിംകള്‍ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണ്. അതിന് തുരങ്കം വെച്ചത് സമുദായത്തിനകത്ത് ലീഗിന്റെ അതിരു കവിഞ്ഞ ഇടപെടലുകളാണ്. സമുദായ നേതൃത്വത്തിന് ഒരു പിന്മാറ്റ പ്രസ്താവന നടത്തേണ്ട സാഹചര്യം ഉണ്ടാക്കിയത് ലീഗിന്റെ ഈ അമിതാവേശമാണ്.

Update: 2021-12-02 12:43 GMT

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന മുസ്‌ലിം വിരുദ്ധ നീക്കങ്ങളെ ഗൗരവതരത്തില്‍ കാണേണ്ടതാണെന്ന്് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി. ഈ വിഷയം സമുദായത്തിന്റെ പൊതുവായ വിഷയമാക്കി ഉയര്‍ത്തുന്നതിന് പകരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി മുസ്‌ലിം ലീഗ് ഉപയോഗിച്ചതോടെ മറ്റൊരു തലത്തിലേക്ക് അതിന്റെ ചര്‍ച്ചകള്‍ പോയിരിക്കുകയാണ്. വഖഫ് വിഷയവുമായി ബന്ധപ്പെട്ട മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ വെള്ളിയാഴ്ച പള്ളികളില്‍ പ്രചാരണം നടത്തുമെന്ന് മുസ്‌ലിം ലീഗ് നേതാവിന്റെ പ്രസ്താവന വന്നതോടെ പുതിയ വിവാദത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അതിനെതിരെ സിപിഎം ഔദ്യോഗികമായി രംഗത്തുവരികയും ചെയ്തു. അതേസമയം, ലീഗ് നേതാവ് പറഞ്ഞതില്‍ നിന്ന് പിന്മാറുകയും സമസ്തയുടെ നേതാക്കള്‍ തല്‍ക്കാലം ഇത് പള്ളികളില്‍ ചര്‍ച്ചക്ക് വിധേയമാക്കുന്നില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

സമുദായവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും മതപരവുമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും കൂടിയുള്ള ഇടങ്ങള്‍ തന്നെയാണ് പള്ളികളും മഹല്ല് ജമാഅത്തുകളും. എന്നാല്‍ ഇത്രയും കാലം മുസ്‌ലിം സമുദായം അത് നിര്‍വഹിച്ച് പോന്നിട്ടുള്ളത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആഹ്വാനപ്രകാരം ആയിരുന്നില്ല. ബന്ധപ്പെട്ട മതസംഘടനകളുടെയും പണ്ഡിതന്മാരുടെയും തീരുമാനപ്രകാരം ആയിരുന്നു. മുസ്‌ലിം സംഘടനകളുടെയും പണ്ഡിതന്മാരുടെയും തീരുമാനപ്രകാരം നടക്കേണ്ട പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യം വെച്ച് മുസ്‌ലിം ലീഗ് പ്രഖ്യാപിച്ചതോടെ വഖഫ് ബോര്‍ഡ് നിയമനങ്ങളില്‍ അട്ടിമറി നടത്താനുള്ള സിപിഎം ശ്രമങ്ങളില്‍ നിന്നും ശ്രദ്ധ തെറ്റുകയാണ് ചെയ്തിട്ടുള്ളത്. യഥാര്‍ഥത്തില്‍ വഖഫ് വിഷയം പള്ളികളില്‍ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതാണ്. അത് പള്ളിയുമായി ബന്ധപ്പെട്ടവരാണ് നടത്തേണ്ടത്. എന്നാല്‍ പള്ളികളില്‍ ചര്‍ച്ച ചെയ്യുന്നത് വലിയ അപരാധം പോലെയാണ് സിപിഎം പ്രചരിപ്പിക്കുന്നത്. അതിനെ തടയുമെന്ന ഭീഷണിയും അവര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്നുണ്ട്.

ഇസ്‌ലാം വിരുദ്ധ ശക്തികള്‍ ഇട്ടുതരുന്ന അജണ്ടകളെ പരസ്പരം തര്‍ക്കിക്കാനുള്ള വേദിയാക്കുകയാണ് സമുദായ സംഘടനകളില്‍ ചിലര്‍. അതില്‍ നിന്നും മാറി സമുദായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണം. ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത ദിവസമായ ഡിസംബര്‍ ആറിന് അതുമായി ബന്ധമില്ലാത്ത വിഷയം ഉന്നയിച്ച് സമരത്തിന് ആഹ്വാനം നടത്തിയത് ഈ മുന്‍ഗണന നിശ്ചയിക്കുന്നതില്‍ പിഴവ് പറ്റുന്നത് കൊണ്ടാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തീരാകളങ്കമാണ് ബാബരി ധ്വംസനം. കോടതി നീതിയുക്തമല്ലാത്ത രീതിയില്‍ അതിന് തീര്‍പ്പ് കല്‍പിച്ചാലും വഖഫ് ഭൂമിയില്‍ നിലനിന്ന മസ്ജിദ് പുനര്‍നിര്‍മ്മിക്കുമ്പോഴേ നീതി പുനഃസ്ഥാപിക്കപ്പെടുകയും മതേതരത്വം സംരക്ഷിക്കപ്പെടുകയുമുള്ളൂ. ഡിസംബര്‍ 6 ബാബരി മസ്ജിദ് ദിനത്തില്‍ ചര്‍ച്ചക്ക് വിധേയമാകേണ്ടത് ഈ കാര്യങ്ങളാണ്. അതിന് പകരം ഇസ്‌ലാം വിരുദ്ധര്‍ നിശ്ചയിച്ചു തരുന്ന അജണ്ടകളില്‍ ചുരുങ്ങിക്കൂടുകയല്ല സമുദായ സംഘടനകളും നേതാക്കളും ചെയ്യേണ്ടിയിരുന്നത്.

വഖഫ് വിഷയം കേരളത്തിലെ മുസ്‌ലിംകള്‍ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണ്. അതിന് തുരങ്കം വെച്ചത് സമുദായത്തിനകത്ത് ലീഗിന്റെ അതിരു കവിഞ്ഞ ഇടപെടലുകളാണ്. സമുദായ നേതൃത്വത്തിന് ഒരു പിന്മാറ്റ പ്രസ്താവന നടത്തേണ്ട സാഹചര്യം ഉണ്ടാക്കിയത് ലീഗിന്റെ ഈ അമിതാവേശമാണ്. അതേസമയം വഖഫ് വിഷയം പള്ളികളില്‍ ഉള്‍പ്പടെ സജീവ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണം. സമുദായത്തിന്റെ ഓരോ അവകാശത്തിനും മേല്‍ കൈവെച്ച് പതിയെപതിയെ മുസ്‌ലിംകളെ അരികുവല്‍ക്കരിക്കാനാണ് സിപിഎമ്മും ശ്രമിക്കുന്നത്. അതിനെതിരെ സങ്കുചിതമായ കക്ഷിരാഷ്ട്രീയ മുതലെടുപ്പിന് അതീതമായി സംഘടിതമായ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ടതുണ്ട്.

വഖഫ് വിഷയവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ പുതിയ തലത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങളെ കരുതലോടെ സമീപിക്കണം. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ പ്രചാരണത്തിനോ എതിര്‍പ്പിനോ അനുകൂലമായോ പ്രതികൂലമായോ നിലപാട് എടുക്കുകയോ ഇടപെടുകയോ ചെയ്യുന്നതില്‍ നിന്നും വിശ്വാസികള്‍ വിട്ടുനില്‍ക്കണം. അതേസമയം പള്ളികളില്‍ ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തില്‍ അസ്വസ്ഥത ഉണ്ടാവാന്‍ സാധ്യത കാണുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട പള്ളി ഖത്വീബിന്റെയും മഹല്ല് കമ്മിറ്റിയുടെയും ശ്രദ്ധയില്‍ പെടുത്തി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ശ്രമം നടത്തുകയും വേണം. സമുദായം ഒരുമിച്ചു നില്‍ക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഭിന്നതയുടെ സ്വരങ്ങളെ ഒഴിവാക്കാനാണ് നമ്മള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Tags:    

Similar News