കൊവിഡ് ദുരിതാശ്വാസ-സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും: പോപുലര്‍ ഫ്രണ്ട്

ആശുപത്രികള്‍, കൊവിഡ് കേന്ദ്രങ്ങള്‍, സംസ്‌കാര ചടങ്ങുകള്‍ എന്നിവയ്ക്കായി സന്നദ്ധ സേവനങ്ങള്‍ ആവശ്യമുള്ള ഏത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സംഘടനയുടെ പ്രാദേശിക യൂണിറ്റുകളുമായി ബന്ധപ്പെടാമെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ ജന.സെക്രട്ടറി അനീസ് അഹമ്മദ് അറിയിച്ചു.

Update: 2021-04-20 12:23 GMT

ന്യൂഡല്‍ഹി: കൊറോണ കേസുകളുടെ എണ്ണം രാജ്യത്തുടനീളം റെക്കോര്‍ഡിലേക്ക് ഉയരുകയും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസസന്നദ്ധ പ്രവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ്. ബന്ധപ്പെട്ട അധികൃതരേയും ആരോഗ്യ പ്രവര്‍ത്തകരെയും സഹായിക്കുന്നതിനും കൊവിഡ് രോഗികള്‍ക്ക് ചികില്‍സാ സംബന്ധമായ സഹായമെത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ അണിനിരത്താന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തീരുമാനിച്ചു. ആശുപത്രികള്‍, കൊവിഡ് കേന്ദ്രങ്ങള്‍, സംസ്‌കാര ചടങ്ങുകള്‍ എന്നിവയ്ക്കായി സന്നദ്ധ സേവനങ്ങള്‍ ആവശ്യമുള്ള ഏത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സംഘടനയുടെ പ്രാദേശിക യൂണിറ്റുകളുമായി ബന്ധപ്പെടാമെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ ജന.സെക്രട്ടറി അനീസ് അഹമ്മദ് അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട ദുരിതാശ്വാസ സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുമായി പോപുലര്‍ ഫ്രണ്ട് സഹകരിക്കും.

2020 മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ സംഘടനയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. ലോക്ക് ഡൗണില്‍ കുടുങ്ങിയ ആളുകളെ സഹായിക്കുക, കൊവിഡ് രോഗികള്‍ക്ക് മെഡിക്കല്‍ സേവനം നല്‍കുക, മരണപ്പെട്ടവരെ ആദരവോടെ സംസ്‌കരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടത്തിവരുന്നുണ്ട്.

രാജ്യം ഇന്നിപ്പോള്‍ ദുരന്തസാഹചര്യം നേരിടുകയാണ്. ആശുപത്രികളില്‍ വന്‍തോതിലുള്ള തിരക്കാണ് നേരിടുന്നത്. രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പാടുപെടുകയാണ്. കൊവിഡ് മരണങ്ങള്‍ വര്‍ധിച്ചതോടെ പലയിടത്തും മൃതദേഹങ്ങള്‍ തുറസായ സ്ഥലങ്ങളിലാണ് സംസ്‌കരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ ആശങ്കയുളവാക്കുന്നതാണ്. കൊവിഡിനെതിരായ പോരാട്ടത്തില്‍ പോപുലര്‍ ഫ്രണ്ട് രാജ്യത്തിനൊപ്പം നില്‍ക്കും. ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കാനും അധികാരികളുടെ നിര്‍ദ്ദേശങ്ങളുമായി പൂര്‍ണ്ണമായും സഹകരിക്കാനും പോപുലര്‍ ഫ്രണ്ട് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News