പ്രവാസി വ്യവസായി ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകം; മന്ത്രവാദിനിയടക്കം നാലു പേര്‍ അറസ്റ്റില്‍, കവര്‍ന്നത് 596 പവന്‍
സ്വര്‍ണ നിറമുള്ള ഈയ്യ കടലാസിലെഴുതിയ ആഭിചാര തകിടിന് ജിന്നുമ്മയുടെ സംഘം 55,000 രൂപയാണ് ഈടാക്കിയിരുന്നത്.
കാഞ്ഞങ്ങാട്: പ്രവാസി വ്യവസായി പൂച്ചക്കാട് എം സി ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ഗഫൂര്‍ ഹാജിയുടെ വീട്ടില്‍ മന്ത്രവാദം നടത്തിയ യുവതിയും ഭര്‍ത്താവും അടക്കം നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ഉബൈദ് (38), രണ്ടാം പ്രതിയും ഉബൈദിന്റെ ഭാര്യയുമായ മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന ശമീമ (38), മൂന്നാം പ്രതി അസ്‌നീഫ (34), നാലാം പ്രതി വിദ്യാനഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആഇശ (40) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സ്വർണ്ണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിൻ്റെ വീട്ടിൽ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. സ്വർണ്ണം മുന്നിൽ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വർണ്ണം തിരിച്ച് നൽകേണ്ടി വരുമെന്ന് കരുതിയായിരുന്നു കൊലപാതകം. 596 പവൻ സ്വർണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.
ജിന്നുമ്മ എന്നറിയപ്പെടുന്ന ശമീമയുടെ സഹായികളായി പ്രവര്‍ത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വലിയ തുക നിക്ഷേപം വന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇവരുടെ സഹായികളില്‍ ചിലര്‍ ഒറ്റദിവസം കൊണ്ട് ലക്ഷങ്ങള്‍ അടച്ച് വാഹന വായ്പ തീര്‍ത്തതും മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോണ്‍ ലൊക്കേഷന്‍ സംഭവദിവസം പൂച്ചക്കാട് പ്രദേശത്തുണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
ഗള്‍ഫില്‍ നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റു ബിസിനസുകളും ഉള്ള ഗഫൂര്‍ ഹാജിയെ 2023 ഏപ്രില്‍ 14നാണ് (റമദാന്‍ 25ന്) ഫറൂഖിയ മസ്ജിദിന് സമീപത്തെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്ന ധാരണയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മൃതദേഹം ഖബറടക്കി. ഗഫൂര്‍ ഹാജി വായ്പയായി വാങ്ങിയ സ്വര്‍ണാഭരണങ്ങളെ കുറിച്ച് ബന്ധുക്കള്‍ അന്വേഷിച്ചതോടെ കുടുംബം വീട്ടില്‍ പരിശോധന നടത്തി.
ഇതില്‍ നിന്നാണ് 596 പവന്‍ സ്വര്‍ണം വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് മനസിലായത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഏപ്രില്‍ 27ന് ബേക്കല്‍ പോലിസ് മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. തലക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട് വെളിപ്പെടുത്തിയത്.
മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുക്കുന്നു
വീട്ടില്‍ നിന്ന് സ്വര്‍ണം കൈക്കലാക്കിയ ശേഷം പ്രതികള്‍ ഗഫൂര്‍ ഹാജിയെ തലക്കടിച്ച് കൊന്നുവെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്. മന്ത്രവാദവും കൂടോത്രം കുഴിച്ചെടുക്കലും മന്ത്രത്തകിട് കെട്ടുന്നതുമൊക്കെ പാതിരാത്രിയിലാണ് നടത്തിയതെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. മലയാളം സംസാരിക്കുന്ന കര്‍ണാടകക്കാരിയായ പാത്തുട്ടി എന്ന പെണ്‍കുട്ടിയുടെ ആത്മാവ് പ്രവേശിച്ച് ശമീമ ഉറഞ്ഞു തുള്ളി പരിഹാരക്രിയകള്‍ നിര്‍ദേശിക്കുമെന്നാണ് പോലിസ് പറയുന്നത്.
ഗഫൂര്‍ ഹാജിയും യുവതിയും തമ്മില്‍ കൈമാറിയ വാട്‌സ് ആപ് സന്ദേശങ്ങളും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഗഫൂര്‍ ഹാജിയില്‍ നിന്നും യുവതി 10 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കൈപ്പറ്റിയതിന്റെ രേഖകളും ശേഖരിച്ചു. സ്വര്‍ണ നിറമുള്ള ഈയ്യ കടലാസിലെഴുതിയ ആഭിചാര തകിടിന് ഈ സംഘം 55,000 രൂപയാണ് ഈടാക്കിയിരുന്നത്.
എന്തായാലും മന്ത്രവാദിയില്‍ നിന്നും മറ്റു പ്രതികളില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. യുവതിക്ക് നേരത്തെ തന്നെ ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായും പോലിസ് പറഞ്ഞു. ഒരു യുവാവിനെ ഹണിട്രാപില്‍പ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ 14 ദിവസം യുവതിയും ഭര്‍ത്താവും റിമാന്‍ഡിലായിരുന്നു. ജോലിക്ക് നിന്ന വീട്ടില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസിലും യുവതി നേരത്തേ റിമാന്‍ഡിലായിരുന്നു.
കേസിലെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ചിരുന്നു. ഗഫൂര്‍ ഹാജിയുടെ കുടുംബാംഗങ്ങളെയും കര്‍മസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 40ഓളം പേരെ പോലിസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ചോദ്യം ചെയ്യലിനിടെ പോലിസ് മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് യുവതിയും സംഘവും പ്രതിഷേധിച്ചിരുന്നു. കൃത്യമായ വീഡിയോ റെക്കോര്‍ഡിങ് അടക്കമാണ് ചോദ്യം ചെയ്യലെന്ന് പോലിസ് അറിയിച്ചു.
ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെ മേല്‍നോട്ടത്തില്‍ ഡിസിആര്‍ബി ഡിവൈഎസ്പി കെ ജെ ജോണ്‍സന്റെയും ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്റെയും നേതൃത്വത്തിലുള്ള 11 അംഗ പോലിസ് സംഘമാണ് അവസാനം കേസ് അന്വേഷിച്ചത്.