ബംഗാളില്‍ മൂന്നംഗ കുടുംബം കൊല്ലപ്പെട്ട കേസ്; ആര്‍എസ്എസ് വാദം പൊളിഞ്ഞു, പ്രതി പിടിയില്‍

Update: 2019-10-15 14:44 GMT

കൊല്‍ക്കത്ത: പശ്ചിബംഗാളിലെ മുര്‍ഷിദാബാദില്‍ അധ്യാപകനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബന്ദു പ്രകാശ് പാല്‍, ഗര്‍ഭിണിയായ ഭാര്യ ബ്യൂട്ടി, എട്ടുവയസ്സുകാരനായ മകന്‍ അന്‍ഗന്‍ എന്നിവരെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആര്‍എസ്എസിന്റെ വ്യാജപ്രചാരണം പൊളിഞ്ഞു. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമാണെന്നും പറഞ്ഞ് വന്‍ പ്രചാരണം നടത്തിയെങ്കിയും സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിനു കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കേസിലെ പ്രധാന പ്രതിയായ ആശാരിപ്പണിക്കാരന്‍ ഉത്പല്‍ ബെഹ്‌റയെ സഹാപൂര്‍ ഏരിയയിലെ സഗര്‍ദിഗിയില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നല്‍കിയതായി പോലിസ് സൂപ്രണ്ട് മുകേഷ് കുമാര്‍ പറഞ്ഞു.

    പ്രകാശ് പാലിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ഉത്പല്‍ നിക്ഷേപിച്ച തുകയില്‍ നിന്ന് 24,000 രൂപ തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്നും അധിക്ഷേപിച്ച് സംസാരിച്ചതിലും പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ജിയാഗഞ്ചിലെ വീട്ടില്‍ മൂന്നംഗ കുടുംബത്തെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിവരം പുറത്തായതിനു പിന്നാലെ, കൊല്ലപ്പെട്ടത് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നു പറഞ്ഞ് ബംഗാള്‍ ആര്‍എസ്എസ് ഘടകവും ബിജെപി സംസ്ഥാന നേതൃത്വവും രംഗത്തെത്തുകയായിരുന്നു. കൊലപാതകത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉന്നത ബിജെപി നേതാക്കള്‍ വരെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ രംഗത്തെത്തുകയും ചെയ്തിരുന്നു. മാത്രമല്ല, ബംഗാളിലെ കൊലപാതകങ്ങളില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും സാംസ്‌കാരിക നായകരെ ആക്ഷേപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നും ബന്ദു പ്രകാശ് പാലിനു പ്രത്യേക രാഷ്ട്രീയമുള്ളതായി അറിയില്ലെന്നും വ്യക്തമാക്കി സഹോദരന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ രാഷ്ട്രീയ വിവാദത്തിനു കാരണമായ കേസിലാണ് ആര്‍എസ്എസ് നടത്തിയ കുപ്രചാരണം പൊളിക്കുന്ന വിധത്തില്‍ യഥാര്‍ഥ പ്രതി പിടിയിലായത്.



Tags:    

Similar News