തലശ്ശേരിയിലും ന്യൂമാഹിയിലും നിരോധനാജ്ഞ
മേഖലയില്‍ സിപിഎം-ബിജെപി നേതാക്കളുടെ ഉള്‍പ്പെടെ വീടുകള്‍ ആക്രമിക്കുകയും ബോംബ് സ്‌ഫോടനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
കണ്ണൂര്‍: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ചു നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമസംഭവങ്ങള്‍ തുടരുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, ന്യൂമാഹി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ മുതല്‍ നാളെ രാത്രി 12 വരെയാണ് സിആര്‍പിസി സെക്്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചത്. മേഖലയില്‍ സിപിഎം-ബിജെപി നേതാക്കളുടെ ഉള്‍പ്പെടെ വീടുകള്‍ ആക്രമിക്കുകയും ബോംബ് സ്‌ഫോടനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ഇതുപ്രകരാം പൊതു സ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ കൂട്ടംകൂടി നില്‍ക്കുന്നതും വാഹനങ്ങളിലോ അല്ലാതെയോ പ്രകടനങ്ങളും ഘോഷയാത്രകളും പൊതുയോഗങ്ങളും നടത്തുന്നതും നശീകരണ വസ്തുക്കളോ കല്ലുകളോ സ്‌ഫോടക വസ്തുക്കളോ ആയുധങ്ങളോ ആക്രമണത്തിന് ഉപയോഗിക്കാവുന്നതോ ആയ ഏതൊരു സാധനവും കൊണ്ടുനടക്കുന്നതും ശേഖരിക്കുന്നതും നിരോധിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്്ടര്‍ ഉത്തരവിട്ടു. കഴിഞ്ഞ ദിവസങ്ങളിലായി സിപിഎം നേതാവും എംഎല്‍എയുമായ എ എന്‍ ശംസീര്‍, ബിജെപി എംപി വി മുരളീധരന്‍ തുടങ്ങി നിരവധി പേരുടെ വീടുകള്‍ക്കു നേരെയാണ് മേഖലയില്‍ ആക്രമണങ്ങളുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ എഎസ്പിയുടെ സാന്നിധ്യത്തില്‍ നടന്ന ഉഭയകക്ഷി സമാധാന യോഗത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ധാരണയായിരുന്നു.