ന്യൂഡല്‍ഹി: ഭീമാ കൊറെഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് ഡോ. ഹാനി ബാബുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഡോ. ജി എന്‍ സായിബാബയുടെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സമിതി പ്രതിഷേധിച്ചു. ഹാനി ബാബുവിന്റെ അറസ്റ്റിനെ ന്യായീകരിക്കാനുള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ വേണ്ടിയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഡോ. ഹാനി ബാബുവിന്റെ അറസ്റ്റ് മതിയായ തെളിവുകളില്ലാതെയാണെന്ന ബോധ്യപ്പെട്ടപ്പോള്‍ അറസ്റ്റിനെ ന്യായീകരിക്കാനായി എന്‍ഐഎ തെറ്റായ തെളിവുകള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ശിക്ഷാവിധിക്കെതിരേ ഡോ. സായിബാബ നല്‍കിയ അപ്പീല്‍ ഇപ്പോഴും നാഗ്പൂര്‍ ഹൈക്കോടതിയില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. തെളിവുകളുടെ അപര്യാപ്തത കണക്കിലെടുത്ത് കോടതി ശിക്ഷ അസാധുവാക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് എന്‍ഐഎ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത്.
പരിശോധനയില്‍ ഡോ. ഹാനി ബാബുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കള്‍ ജി എന്‍ സായിബാബയുടെ പ്രതിരോധത്തിനും മോചനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സമിതിയുമായി ബന്ധപ്പെട്ടുള്ളതാണ്. 2020 ആഗസ്ത് രണ്ടിനു പുറത്തിറക്കിയ എന്‍ഐഎയുടെ പ്രസ്താവനയില്‍ 'ഹാനി ബാബു മറ്റ് പ്രതികള്‍ക്കൊപ്പം(റോണാ വില്‍സണ്‍, ആനന്ദ് ടെല്‍തുംബ്‌ഡെ, കവി വരവര റാവു, സുരേന്ദ്ര ഗാഡ്‌ലിങ് എന്നിവര്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജി എന്‍ സായിബാബയെ മോചിപ്പിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചു എന്നാണ് പറയുന്നത്. സിപിഐ(മാവോയിസ്റ്റ്)യുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിനു തെളിവായും ഈ കമ്മിറ്റിയെയും അതിലെ അംഗങ്ങളെയും കുറ്റവാളികളെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള നീക്കമായാണ് ഇതിനെ കാണുന്നത്. 2014ല്‍ ഡോ. ജി എന്‍ സായിബാബയെ അറസ്റ്റ് ചെയ്തപ്പോള്‍ ഡല്‍ഹി സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ഒത്തുകൂടിയാണ് സമിതി രൂപീകരിച്ചത്. ഡോ. സായിബാബയുടെ കേസുമായി ബന്ധപ്പെട്ട നിയമപരവും ജീവന്‍ അപകടപ്പെടുത്തുന്ന അടിയന്തിരവുമായ മെഡിക്കല്‍ പ്രശ്‌നങ്ങള്‍ക്കും വേണ്ടിയാണ് സമിതി രൂപീകരിച്ചത്. ഡോ. സായിബാബയുടെ മെഡിക്കല്‍, നിയമപരമായ അവസ്ഥയെക്കുറിച്ച് ഐക്യരാഷ്ട്രസഭ പോലും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഭീമാ കൊറേഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസില്‍ ഡോ. ജി എന്‍ സായിബാബയും ഡോ. ഹാനി ബാബുവും നിരപരാധിയാണെന്ന കമ്മിറ്റി ഉറച്ചുവിശ്വസിക്കുന്നുണ്ട്. അന്വേഷണ ഏജന്‍സികളുടെ ഭയപ്പെടുത്തല്‍ നടപടികളെ ശക്തമായി അപലപിക്കുന്നതായി ഡോ. ജി എന്‍ സായിബാബയുടെ പ്രതിരോധത്തിനും മോചനത്തിനും വേണ്ടിയുള്ള സമിതിക്കു വേണ്ടി പ്രഫ. ഹര്‍ഗോപാല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
Protest against raid on Dr. Hani Babu's house