ഫലസ്തീന്‍ സ്‌കൂളുകളില്‍ ഇസ്രായേല്‍ പാഠ്യപദ്ധതി അടിച്ചേല്‍പ്പിക്കാന്‍ നീക്കം; പ്രതിഷേധം ശക്തം

ഇസ്രായേല്‍ അധിനിവേശകര്‍ ഫലസ്തീന്‍ പാഠപുസ്തകങ്ങള്‍ നശിപ്പിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.ഫലസ്തീന്‍ പാഠ്യപദ്ധതിയില്‍ നിന്ന് ഫലസ്തീന്‍ ഐഡന്റിറ്റി ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണ് ഇസ്രായേല്‍ നടത്തുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

Update: 2022-09-19 15:42 GMT

റാമല്ല: അധിനിവേശ ജറുസലേമിലെ ഫലസ്തീന്‍ സ്‌കൂളുകളില്‍ ഇസ്രായേല്‍ പാഠ്യപദ്ധതി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തം. സയണിസ്റ്റ് നീക്കത്തിനെതിരേ ജറുസലേമിലെ അല്‍ ഈമാന്‍ സ്‌കൂളുകളിലെ ഫലസ്തീന്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ ഞായറാഴ്ച ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.

ഇസ്രായേല്‍ അധിനിവേശകര്‍ ഫലസ്തീന്‍ പാഠപുസ്തകങ്ങള്‍ നശിപ്പിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.ഫലസ്തീന്‍ പാഠ്യപദ്ധതിയില്‍ നിന്ന് ഫലസ്തീന്‍ ഐഡന്റിറ്റി ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണ് ഇസ്രായേല്‍ നടത്തുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

ഇസ്രായേല്‍ മുനിസിപ്പാലിറ്റിയായ ബെയ്ത്ത് ഹനീനയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ 'തങ്ങള്‍ ഇസ്രായേലി പാഠപുസ്തകങ്ങള്‍ നിരസിക്കുന്നു' എന്ന് ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഇസ്രായേല്‍ സര്‍ക്കാരിനും സൈന്യത്തിനുമെതിരേ 'അപകടകരമായ പ്രേരണ' ഉണ്ടെന്ന് ആരോപിച്ച് ജൂലൈ 28ന് ഇസ്രായേല്‍ വിദ്യാഭ്യാസ മന്ത്രി യിഫാത്ത് ഷാഷബിറ്റണ്‍, കിഴക്കന്‍ ജറുസലേമിലെ ആറ് അല്‍ ഇമാന്‍ സ്‌കൂളുകളുടെ സ്ഥിരമായ പ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കിയിരുന്നു. പാഠ്യപദ്ധതിയില്‍ ഭേദഗതി വരുത്തിയാല്‍ ഒരു വര്‍ഷത്തെ ലൈസന്‍സ് അനുവദിക്കുമെന്നും അല്ലാത്തപക്ഷം ലൈസന്‍സ് പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നും ഇസ്രായേല്‍ മന്ത്രി ഭീഷണിപ്പെടുത്തിയിരുന്നു.

ഫലസ്തീന്‍ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട നക്ബ, തടവുകാര്‍, ഇസ്രായേല്‍ ആക്രമണം, കിഴക്കന്‍ ജറുസലേം ഭാവി പലസ്തീനിയന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാണെന്ന സൂചനകള്‍ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കിയാണ് ജറുസലേമിലെ ഇസ്രായേല്‍ മുനിസിപ്പാലിറ്റി ഫലസ്തീനിയന്‍ പാഠപുസ്തകങ്ങള്‍ വീണ്ടും അച്ചടിക്കുന്നത്.

Tags:    

Similar News