പി വി അന്‍വറിന് തോക്ക് വേണ്ടെന്ന് പോലിസ്; ലൈസന്‍സ് അപേക്ഷ തള്ളി കലക്ടര്‍

Update: 2024-12-31 13:06 GMT

മലപ്പുറം: ജീവനുഭീഷണിയുള്ളതിനാല്‍ തോക്ക് ലൈസന്‍സ് അനുവദിക്കണമെന്ന നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ അപേക്ഷ കലക്ടര്‍ തള്ളി. അന്‍വറിന്റെ അപേക്ഷ വന്നതിന് ശേഷം വിഷയത്തില്‍ പോലിസിന്റെയും റെവന്യു വകുപ്പിന്റെയും വനംവകുപ്പിന്റെയും റിപോര്‍ട്ട് കലക്ടര്‍ തേടിയിരുന്നു. റെവന്യു വകുപ്പും വനംവകുപ്പും തോക്ക് ലൈസന്‍സ് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന റിപോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍, പോലിസ് ഇതിനെ എതിര്‍ത്തു.

നിരവധി തവണ കലാപ ആഹ്വാനങ്ങള്‍ നടത്തിയ ആളാണ് അന്‍വറെന്നാണ് പോലിസ് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയത്. ഇത്തരമൊരു വ്യക്തിക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ പാടില്ലെന്നും പോലിസ് കലക്ടറെ അറിയിച്ചു. തുടര്‍ന്നാണ് ലൈസന്‍സിനുള്ള അപേക്ഷ തള്ളി ഉത്തരവായത്. വിഷയത്തില്‍ കോടതിയെ സമീപിക്കാനാണ് പി വി അന്‍വറിന്റെ തീരുമാനമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

എഡിജിപി എം ആര്‍ അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയ ശേഷമാണ് അന്‍വര്‍ തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് തേടി കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. വെളിപ്പെടുത്തലുകള്‍ക്ക് ശേഷം പോലിസില്‍ നിന്നും ഭീഷണിയുണ്ടെന്നായിരുന്നു അന്‍വര്‍ പറഞ്ഞിരുന്നത്.

Similar News