ഗസ: മധ്യസ്ഥ ശ്രമങ്ങള്‍ മരവിപ്പിച്ചെന്ന് ഖത്തര്‍

മധ്യസ്ഥ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചതായി അറിയിച്ചെങ്കിലും രാജ്യം വിടാന്‍ ഖത്തര്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഹമാസ് നേതാവ് അറിയിച്ചതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.

Update: 2024-11-09 20:12 GMT

ദോഹ: ഗസയിലെ അധിനിവേശം അവസാനിപ്പിക്കാന്‍ ഹമാസും ഇസ്രായേലും തമ്മില്‍ ധാരണയുണ്ടാക്കാനുള്ള മധ്യസ്ഥ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചെന്ന് ഖത്തര്‍. തീരുമാനം എല്ലാ കക്ഷികളെയും പത്ത് ദിവസം മുമ്പ് അറിയിച്ചെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മജീദ് അല്‍ അന്‍സാരി അറിയിച്ചു. ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയ കാര്യ സമിതി കാര്യാലയം പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായകരമായിരിക്കില്ലെന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, ഖത്തറില്‍ നിന്ന് ഹമാസ് രാഷ്ട്രീയ കാര്യ സമിതി ഓഫീസ് ഒഴിവാക്കുമെന്ന വാര്‍ത്ത ശരിയല്ലെന്നും അല്‍ അന്‍സാരി അറിയിച്ചു. ദോഹയിലെ ഹമാസിന്റെ ഓഫീസിന്റെ പ്രധാന ലക്ഷ്യം വിവിധ കക്ഷികളുമായി കൂടിയാലോചനക്കുള്ള മാര്‍ഗമുണ്ടാക്കലാണെന്നും അദ്ദേഹം പറഞ്ഞു. മധ്യസ്ഥ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചതായി അറിയിച്ചെങ്കിലും രാജ്യം വിടാന്‍ ഖത്തര്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഹമാസ് നേതാവ് അറിയിച്ചതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.

ൃഹമാസിന്റെ ദോഹയിലെ ഓഫീസ് കൊണ്ട് ഇനി ഗുണമില്ലെന്നും അവരെ പുറത്താക്കണമെന്നും യുഎസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി അമേരിക്കന്‍ ഉദ്യോഗസ്ഥരും അറിയിച്ചു. ബന്ദി മോചനത്തിന് തയ്യാറാവാത്തതിനാല്‍ ഖത്തറില്‍ നിന്ന് ഹമാസിനെ പുറത്താക്കണമെന്നാണ് ആവശ്യമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞ ഏതാനും മാസമായി യുഎസും ഈജിപ്റ്റും ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചര്‍ച്ചകളില്‍ തീരുമാനമൊന്നുമാവാത്തതിനാലാണ് മധ്യസ്ഥ ശ്രമം മരവിപ്പിക്കാന്‍ ഖത്തര്‍ തീരുമാനിച്ചിരിക്കുന്നത്.

Tags:    

Similar News