ആര്‍എസ്എസ് ഭയം വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നു; ഗുണം രണ്ടു കോർപറേറ്റുകൾക്ക്: രാഹുല്‍ ഗാന്ധി
റോഡും വിമാനത്താവളങ്ങളും ഒന്നൊന്നായി മോദിയുടെ സുഹൃത്തുക്കളായ രണ്ട് വ്യവസായികള്‍ വാങ്ങിക്കൂട്ടുകയാണ്. ഇവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നു
ന്യൂഡല്‍ഹി: ബിജെപിയും ആർഎസ്എസും രാജ്യത്ത് ഭയം വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിലക്കയറ്റത്തിനെതിരേ ഡല്‍ഹി രാംലീല മൈതാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച 'ഹല്ലാ ബോല്‍' റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റേയും ഭയത്തിന്റേയും ഗുണം ലഭിക്കുന്നത് രണ്ട് കോര്‍പറേറ്റുകള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ കാരണം രണ്ട് വന്‍കിട വ്യവസായികള്‍ക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. അവരുടെ പിന്തുണയില്ലാതെ മോദിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. 'ബിജെപിയും ആര്‍എസ്എസും രാജ്യത്തെ വിഭജിക്കുന്നു. അവര്‍ ഭയം വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ഈ ഭയത്തിന്റെ പ്രയോജനം ലഭിക്കുന്നത് ആര്‍ക്കാണ്? പാവപ്പെട്ടവര്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ ഇവരില്‍ ആര്‍ക്കെങ്കിലുമാണോ മോദി സര്‍ക്കാരില്‍നിന്ന് പ്രയോജനം ലഭിക്കുന്നത്? വെറുപ്പിന്റേയും ഭയത്തിന്റേയും ഗുണം ലഭിക്കുന്നത് രണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ്'- രാഹുല്‍ പറഞ്ഞു.
റോഡും വിമാനത്താവളങ്ങളും ഒന്നൊന്നായി മോദിയുടെ സുഹൃത്തുക്കളായ രണ്ട് വ്യവസായികള്‍ വാങ്ങിക്കൂട്ടുകയാണ്. ഇവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തിന് മാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കൂ. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഞങ്ങള്‍ വിദ്വേഷം ഇല്ലാതാക്കുന്നു, വിദ്വേഷം ഇല്ലാതാക്കുമ്പോള്‍ രാജ്യം അതിവേഗം നീങ്ങും. അതാണ് കോണ്‍ഗ്രസ് പ്രത്യേയശാസ്ത്രമെന്നും രാഹുല്‍ പറഞ്ഞു.