മുസ്‌ലിം യുവാവിനെ ഹിന്ദു സുഹൃത്തുക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു; വീഡിയോ പുറത്ത്
ചണ്ഡിഗഢ്: മുസ്‌ലിം യുവാവിനെ മൂന്ന് ഹിന്ദു സുഹൃത്തുക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ഡിസംബര്‍ 14ന് ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. 22 വയസ്സുകാരനായ രാഹുല്‍ ഖാനാണ് ക്രൂരമായ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. രാഹുലിന്റെ സുഹൃത്തുക്കളായ കൗള, ആകാശ് എന്ന ദില്‍ജലെ, വിശാല്‍ എന്നിവര്‍ ചേര്‍ന്നാണ് കൃത്യം ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. ആകാശിനെയും വിശാലിനെയും പോലിസ് അറസ്റ്റുചെയ്തു. കൗളിന് വേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പോലിസ് പറഞ്ഞു.
യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാഹുല്‍ ഖാനെ 'മുല്ല' എന്ന് ആക്രോശിച്ച് നിലത്തിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 'ഞങ്ങള്‍ ഹിന്ദുക്കളാണ്, നിങ്ങള്‍ മുസ്‌ലിമാണ്' എന്ന് അക്രമികള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. മര്‍ദ്ദനമേറ്റ് രാഹുല്‍ ഖാന്‍ നിസ്സഹായനായി നിലവിളിക്കുന്നതുമുണ്ട്. എന്നിട്ടും മര്‍ദ്ദനം തുടരുകയായിരുന്നു. മര്‍ദ്ദിച്ച സുഹൃത്തുക്കളിലൊരാളായ കൗളാണ് രാഹുല്‍ ഖാന്‍ കൊല്ലപ്പെട്ട വിവരം കുടുംബത്തെ അറിയിക്കുന്നത്.
This incident took place in Haryana
— HindutvaWatch (@HindutvaWatchIn) December 19, 2021
Rahul Khan, a 22 YO Muslim youth was beaten to death with axe & rods by his friends Kalu, Akash & others.
"In the video, the attackers can be heard saying 'we're Hindus, you're Muslim',"Khan's relative claimed.
pic.twitter.com/uYjG9C2sq6
അപകടത്തില്‍ രാഹുല്‍ കൊല്ലപ്പെട്ടെന്ന് കൗള്‍ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഭാര്യാ സഹോദരന്‍ അക്രം ഖാന്‍ പറഞ്ഞു. കൗള പറഞ്ഞത് വിശ്വസിച്ച് ഇക്കാര്യം അടുത്തുള്ള പോലിസ് സ്‌റ്റേഷനായ ഛന്ധാത്തില്‍ കുടുംബം അറിയിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, ഇതിനുശേഷം ഡിസംബര്‍ 15നാണ് രാഹുല്‍ ഖാനെനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടത്. രാഹുല്‍ ഖാന്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതും നിര്‍ദ്ദയം മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്. തുടര്‍ന്ന് കൊലക്കുറ്റത്തിന് പോലിസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് അക്രം ഖാനെ ഉദ്ധരിച്ച് മുസ്‌ലിം മിറര്‍ റിപോര്‍ട്ട് ചെയ്തു.
അതേസമയം, കൊലപാതകത്തില്‍ സാമുദായികപ്രശ്‌നമുണ്ടെന്ന വാദങ്ങള്‍ പോലിസ് തള്ളിക്കളഞ്ഞു. ഡിസംബര്‍ 13ന് റസൂല്‍പൂര്‍ ഗ്രാമത്തില്‍ നടന്ന ഒരു വിവാഹത്തില്‍ പ്രതികളും ഖാനും ഒരുമിച്ച് പങ്കെടുത്തിരുന്നു. അവിടെവച്ച് രാഹുല്‍ ഖാന്‍ കൗളയുടെ ഫോണെടുത്തിരുന്നു. കൗള ഫോണിനെക്കുറിച്ച് ഖാനോട് ചോദിച്ചു. എന്നാല്‍, അത് തന്റെ പക്കലില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. പിന്നീട് രാഹുലിന്റെ കൈയില്‍നിന്ന് ഫോണ്‍ കണ്ടെത്തി. ഇതോടെ പ്രകോപിതരായ സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിച്ച് രാഹുല്‍ഖാനെ അടിക്കുകയായിരുന്നു- ചന്ദുത് പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറെ ഉദ്ധരിച്ച് സ്‌ക്രോള്‍ റിപോര്‍ട്ട് ചെയ്തു.