കീഴ്‌വഴക്കം ലംഘിച്ചു; മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ രാജ്ഭവന് അതൃപ്തി
മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉദ്യോഗസ്ഥരും ഔദ്യോഗികമായി വിദേശയാത്രയ്ക്ക് പോകുമ്പോള്‍ ഗവര്‍ണറെ നേരിട്ട് കണ്ട് അറിയിക്കാറാണ് പതിവ്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര അറിയിക്കാത്തതില്‍ രാജ്ഭവന് അതൃപ്തി. യാത്രാ വിവരങ്ങള്‍ ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നാണ് ആക്ഷേപം. കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോഴാണ് വിവരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചത്.
മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉദ്യോഗസ്ഥരും ഔദ്യോഗികമായി വിദേശയാത്രയ്ക്ക് പോകുമ്പോള്‍ ഗവര്‍ണറെ നേരിട്ട് കണ്ട് അറിയിക്കാറാണ് പതിവ്. അതല്ലെങ്കില്‍ കത്തിലൂടെയോ യാത്രയുടെ വിശദാംശങ്ങള്‍ ഗവര്‍ണറെ അറിയിക്കും. ഇതൊന്നും മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ ഉണ്ടായില്ലെന്നാണ് ആക്ഷേപം.
കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കണ്ണൂരിലെത്തിയപ്പോള്‍ സംഭാഷണത്തിനിടെ അനൗദ്യോഗികമായി മുഖ്യമന്ത്രി വിദേശയാത്ര ഗവര്‍ണറോട് പറയുകയായിരുന്നു. ഈ രീതി സ്വീകാര്യമല്ലെന്നും രാജ്ഭവന്‍ സൂചിപ്പിച്ചു. യാത്രയുടെ വിശദാംശങ്ങളും പുറപ്പെടുന്നതും മടങ്ങിവരുന്നതുമായ വിശദാംശങ്ങള്‍ അറിയിക്കുന്ന കീഴ് വഴക്കം ലംഘിക്കപ്പെട്ടുവെന്നും രാജ്ഭവന്‍ പറയുന്നു.