നീലച്ചിത്ര റാക്കറ്റ്: രാജ് കുന്ദ്രയും ബന്ധുവും കോടികള്‍ നേടി; വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

രാജകുന്ദ്രയുടെ ബന്ധുവും ബിസിനസ് പാര്‍ട്ട്ണറുമായ പ്രദീപ് ബക്ഷിയ്ക്കും നീലചിത്രനിര്‍മ്മാണത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് ഡിജിറ്റല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു.

Update: 2021-07-20 12:26 GMT

മുംബൈ: നീലച്ചിത്ര നിര്‍മാണത്തിന് വ്യവസായിയും ബോളിവുഡ് താരം ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്രയെ പൊലിസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. നീലച്ചിത്ര നിര്‍മാണത്തില്‍ ഇദ്ദേഹം കോടികള്‍ മുടക്കിയതായി പോലിസ് കണ്ടെത്തി. രാജകുന്ദ്രയുടെ ബന്ധുവും ബിസിനസ് പാര്‍ട്ട്ണറുമായ പ്രദീപ് ബക്ഷിയ്ക്കും നീലചിത്രനിര്‍മ്മാണത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് ഡിജിറ്റല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു.

രാജ് കുന്ദ്രയും പാര്‍ട്ണര്‍മാരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളടക്കം ക്രൈംബ്രാഞ്ചിന് ലഭിച്ചു. പാര്‍ട്ട്ണര്‍മാരില്‍ പ്രധാനിയാണ് പ്രദീപ് ബക്ഷി.

ഇദ്ദേഹമാണ് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ചെയര്‍മാന്‍. രാജ്കുന്ദ്ര ഈ കമ്പനിയില്‍ നേരിട്ടല്ലാതെ കോടികള്‍ നിക്ഷേപിച്ചതായും െ്രെകംബ്രാഞ്ച് പറയുന്നു. ഇവര്‍ തമ്മില്‍ പണമിടപാട് നടത്തിയതുള്‍പ്പെടെയുളള രേഖകളാണ് പുറത്തുവന്നത്. ഇതെല്ലാം കേസിലെ പ്രധാന തെളിവുകളാണെന്നാണ പോലിസ് നല്‍കുന്ന വിവരം.

അതേസമയം, കേസില്‍ രാജ് കുന്ദ്രയെ ജൂലായ് 23 വരെ പോലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മുംബൈയിലെ കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. രാജ് കുന്ദ്രയ്‌ക്കൊപ്പം അറസ്റ്റിലായ റയാന്‍ തോര്‍പ്പിനെയും 23 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഫെബ്രുവരിയില്‍ മുംബൈ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു രാജ്കുന്ദ്രയെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തത്.മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നീലച്ചിത്ര നിര്‍മാണ റാക്കറ്റില്‍ കുന്ദ്രയ്ക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കുന്ദ്രയുടെ മൊബൈല്‍ ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പോലിസ് പിടിച്ചെടുക്കുകയും ചെയ്തു.

പ്രൊഡക്ഷന്‍ ഹൗസിന്റെ എക്‌സിക്യൂട്ടിവ് ഉമേഷ് കാമത്തിനെ പോലിസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഉമേഷ് കാമത്ത് കുന്ദ്രയുടെ ഓഫീസില്‍നിന്ന് നീലച്ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തതിന്റെ തെളിവുകളും പോലിസിന് ലഭിച്ചിട്ടുണ്ട്. നടി ഗെഹനയുടെ ജിവി പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനി ചിത്രീകരിക്കുന്ന അശ്ലീല വിഡിയോ വി ട്രാന്‍സ്ഫര്‍ വഴി വിദേശത്തേക്ക് അയച്ചു കൊടുത്തിരുന്നത് ഉമേഷ് ആണെന്ന് പോലിസ് പറഞ്ഞു. ഹോട്ട് ഷോട്ട് എന്ന ആപ്പിലാണ് വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്.

ഇയാള്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്ത 15 അശ്ലീലചിത്രങ്ങളുടെ വിശദാംശങ്ങള്‍ പോലിസ് കണ്ടെത്തി. വെബ് സീരിസില്‍ അഭിനയിക്കാനെന്ന പേരില്‍ പെണ്‍കുട്ടികളെ കൊണ്ടുവന്ന ശേഷം അശ്ലീല വിഡിയോകള്‍ ചിത്രീകരിക്കുകയായിരുന്നു. ബോളിവുഡ് നടി റോയ ഖാനും അറസ്റ്റിലായിരുന്നു. ഗോവയില്‍ വച്ച് അശ്ലീല വിഡിയോ ചിത്രീകരിച്ചതിന് കഴിഞ്ഞ വര്‍ഷം നടി പൂനം പാണ്ഡെയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കുന്ദ്രയ്‌ക്കെതിരേ കേസെടുത്തത്. ചൊവ്വാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ കുന്ദ്രയെ പരമാവധി ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലിസ് ആവശ്യപ്പെട്ടത്. നീലച്ചിത്രങ്ങള്‍ നിര്‍മിച്ച് വില്‍പന നടത്തിയതിലൂടെ കുന്ദ്ര വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും പോലിസ് കോടതിയെ അറിയിച്ചു. പ്രതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് കുറ്റംചെയ്‌തെന്ന് തെളിയിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. നീലച്ചിത്ര ബിസിനസ് ഇടപാടുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നും പോലിസ് അറിയിച്ചു. ഈ വാദങ്ങളെല്ലാം കേട്ട ശേഷമാണ് ജൂലായ് 23 വരെ പ്രതിയെ പോലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുന്നതായി കോടതി ഉത്തരവിട്ടത്.

Tags:    

Similar News