രാമക്ഷേത്ര നിര്‍മാണം അടുത്തമാസം; ഭൂമി പൂജയ്ക്ക് പ്രധാനമന്ത്രിക്കു ക്ഷണം

കര്‍സേവയിലൂടെയാണ് ക്ഷേത്രത്തിനുള്ള ഫണ്ട് ശേഖരിക്കുക

Update: 2020-07-18 16:58 GMT

അയോധ്യ: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര നിര്‍മാണം അടുത്ത മാസം ആരംഭിക്കുമെന്നും ഭൂമി പൂജ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതായും റിപോര്‍ട്ട്.ക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ശ്രീ രമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആഗസ്ത് മൂന്നിനോ അഞ്ചിനോ ഭൂമി പൂജ നടത്താന്‍ ക്ഷണിച്ചുകൊണ്ട് ട്രസ്റ്റ് കത്ത് നല്‍കും. കൊവിഡ്, ലഡാക്കിലെ ഇന്ത്യ-ചൈന പ്രതിസന്ധിക്കു ശേഷം സ്ഥിതി സാധാരണനിലയിലായാല്‍ ക്ഷേത്ര നിര്‍മാണത്തിനു വേണ്ടി ഫണ്ട് ശേഖരണം നടത്തുമെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ധനസമാഹരണ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പൂര്‍ത്തിയാവും. സ്ഥിതിഗതികള്‍ സാധാരണമായാല്‍ മൂന്നു മുതല്‍ മൂന്നര വര്‍ഷത്തിനുള്ളില്‍ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റായ് പറഞ്ഞു.

    നിര്‍ദിഷ്ട രാമക്ഷേത്രത്തിന്റെ ഉയരം 148 അടിയില്‍ നിന്ന് 161 അടിയായി ഉയര്‍ത്തുമെന്ന് മറ്റൊരു ട്രസ്റ്റ് അംഗം കാമേശ്വര്‍ ചൗപാല്‍ പറഞ്ഞു. പ്രധാനമന്ത്രി ഭൂമി പൂജ ചെയ്യണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ രണ്ട് തിയ്യതികള്‍ പ്രധാനമന്ത്രിയുടെ ഓഫിസിനു നല്‍കിയിട്ടുണ്ട്. അവര്‍ക്ക് അവരുടെ സൗകര്യമനുസരിച്ച് തീരുമാനിക്കാം. രാജ്യം അതിര്‍ത്തിയിലും കൊറോണ വൈറസുമായും പോരാടുകയാണ്. അതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ തിരക്ക് അധികമാണ്. അതിനാല്‍തന്നെ പ്രധാനമന്ത്രിയുടെ സൗകര്യത്തിനനുസരിച്ച് സമയം നല്‍കുമെന്നും ചൗപാല്‍ പറഞ്ഞു.

    


    അയോധ്യ സന്ദര്‍ശിച്ച് ഭൂമി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ് ജൂലൈ രണ്ടിനു ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാല്‍ ദാസ് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുകയും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ട്രസ്റ്റ് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിപ്രേന്ദ്ര മിശ്ര, അഡീഷനല്‍ ആഭ്യന്തര സെക്രട്ടറി ഗ്യാനേഷ് കുമാര്‍, ഉത്തര്‍പ്രദേശ് അഡീഷനല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി എന്നിവരാണ് ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍.

    ശനിയാഴ്ച നടന്ന ട്രസ്റ്റ് യോഗത്തില്‍ ശിലാസ്ഥാപനത്തിന്റെ തിയ്യതിയും ഉയരവും നിര്‍മാണ ക്രമീകരണങ്ങളുമെല്ലാം ചര്‍ച്ച ചെയ്തു. വൈകീട്ട് മൂന്നോടെ അയോധ്യയിലെ സര്‍ക്യൂട്ട് ഹൗസില്‍ ആരംഭിച്ച യോഗം ഏകദേശം രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു. നേരത്തേ തീരുമാനിച്ച മൂന്നിനുപകരം ഇപ്പോള്‍ അഞ്ച് താഴികക്കുടങ്ങളാണ് നിര്‍മിക്കുക. ലാര്‍സന്‍ ആന്റ് ട്യൂബ്രോ മണ്ണ് പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. നേരത്തേ ബാബരി മസ്ജിദ് തകര്‍ക്കാന്‍ ചെയ്തതുപോലെ കര്‍സേവയിലൂടെയാണ് ക്ഷേത്രത്തിനുള്ള ഫണ്ട് ശേഖരിക്കുക. രാജ്യത്തെ നാലുലക്ഷം പ്രദേശങ്ങളിലെ 10 കോടി കുടുംബങ്ങളെ ഫണ്ട് ശേഖരണത്തിനായി സമീപിക്കുമെന്നു ചമ്പത് റായ് പറഞ്ഞു.

1528ൽ സ്ഥാപിതമായ ശേഷം 1949വരെ മുസ്‌ലിംകൾ പ്രാർത്ഥന നടത്തിവന്ന ബാബരി മസ്ജിദ് 1949ലാണ് ഹിന്ദുത്വ അക്രമികൾ കൈയേറിയത്. തുടർന്നു ആരംഭിച്ച നിയമ പോരാട്ടം തുടരുന്നതിനിടെ 1992 ഡിസംബർ ആറിന് സംഘ പരിവാർ അക്രമികൾ മസ്ജിദ് തകർത്തു. പള്ളി തകർത്ത കേസിൽ ഇതുവരെ വിധി വന്നിട്ടില്ല. എന്നാൽ മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശ കേസിൽ അടിയന്തര നടപടി സ്വീകരിച്ച സുപ്രീം കോടതി, ഭൂമി രാമ ക്ഷേത്രത്തിനു വിട്ടുകൊടുക്കാൻ കഴിഞ്ഞ വർഷം നവംബറിൽ വിധിച്ചു. തുടർന്ന് ക്ഷേത്ര നിർമാണത്തിനായി രൂപീകരിച്ച ട്രസ്റ്റ്‌ ആണ് നിർമാണ ചുമതല വഹിക്കുന്നത്.


Tags:    

Similar News