ബലാല്‍സംഗക്കേസ്:വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് ഇന്ന് അവസാനിക്കും;മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഇന്ന് അവസാനിക്കും
കൊച്ചി: യുവനടിയെ ബലാല്‍സംഗം ചെയ്ത കേസിലും ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിലും നടനും നിര്‍മാതാവുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഇന്ന് അവസാനിക്കും. ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പോലിസ് കടക്കാനുള്ള സാധ്യതയുമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഹരജി പരിഗണിച്ചിരുന്നു, എന്നാല്‍, എഡിജിപി ക്വാറന്റൈനില്‍ ആയതിനാല്‍ കേസ് പരിഗണിക്കുന്നത് നീട്ടിവക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹരജി പരിഗണിക്കുന്നത് ഇന്നേക്ക് മാറ്റിയത്. കോടതി നിര്‍ദേശ പ്രകാരം നാട്ടിലെത്തിയ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരായിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം അന്വേഷണ സംഘം വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ അടുത്ത ദിവസം പോലിസ് കോടതിയെ അറിയിക്കും. താന്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് വിജയ് ബാബുവിന്റെ ഹരജിയിലെ ആവശ്യം.
കോടതി നിര്‍ദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും സിനിമയില്‍ അവസരം നല്‍കാത്തതാണ് പരാതിക്ക് കാരണമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് വിജയ് ബാബുവിന്റെ മൊഴി. പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനു പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരേ രണ്ടാമത്തെ കേസെടുത്തത്.
ഏപ്രില്‍ 22നാണ് നടി പരാതി നല്‍കിയത്. പരാതി നല്‍കിയതിനു പിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു.