സൗദിയില്‍നിന്ന് ഉംറയ്ക്കു പോകുന്നവര്‍ക്കും രജിസ്‌ട്രേഷന്‍; നിയമം ഈ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍
ഉംറ യാത്ര ബുക്ക് ചെയ്യാനും മറ്റും ലോകത്തെവിടെയുമുള്ള മുസ്‌ലിംകള്‍ക്ക് സഹായകരമാവുന്ന പോര്‍ട്ടല്‍ സ്ഥാപിക്കാന്‍ സ്വകാര്യ കമ്പനിയുമായി ഹജ്ജ്, ഉംറ മന്ത്രാലയം ധാരണാപത്രം ഒപ്പുവയ്ക്കുകയും ചെയ്തു
മക്ക: സൗദി അറേബ്യയില്‍നിന്ന് ഉംറയ്ക്കു പോകുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം ഈ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. ആഭ്യന്തര ഉംറ തീര്‍ഥാടകര്‍ക്കു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തേ പഠനം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ചില പ്രത്യേക ദിവസങ്ങളില്‍ മാത്രമേ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഉംറയ്ക്കു പോവാന്‍ കഴിയൂ. ഉംറ യാത്ര ബുക്ക് ചെയ്യാനും മറ്റും ലോകത്തെവിടെയുമുള്ള മുസ്‌ലിംകള്‍ക്ക് സഹായകരമാവുന്ന പോര്‍ട്ടല്‍ സ്ഥാപിക്കാന്‍ സ്വകാര്യ കമ്പനിയുമായി ഹജ്ജ്, ഉംറ മന്ത്രാലയം ധാരണാപത്രം ഒപ്പുവയ്ക്കുകയും ചെയ്തു. സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്ത ഉംറ ഫോറത്തിനിടെയാണ് ഹജ്ജ്, ഉംറ മന്ത്രാലയവും സ്വകാര്യ കമ്പനിയും പുതിയ പോര്‍ട്ടല്‍ വികസിപ്പിക്കാനുള്ള ധാരണാ പത്രം ഒപ്പുവച്ചത്.
തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 3,700ഓളം വിദേശ ട്രാവല്‍ ഏജന്‍സികളും 700ഓളം ഉംറ ഓപറേറ്റര്‍മാരും ഉള്‍പ്പെടെ എല്ലാ ഉപയോക്താക്കള്‍ക്കും നേരിട്ട് ഉപയോഗിക്കാവുന്ന വിധത്തിലാണു പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക. ഉംറ സര്‍വീസ് മേഖലയിലെ വിദേശ ഏജന്‍സികളുടെയും പുണ്യഭൂമിയില്‍ എത്തുന്ന ഉംറ തീര്‍ഥാടകരുടെയും എണ്ണം വര്‍ധിപ്പിക്കാനും പുതിയ പോര്‍ട്ടല്‍ സഹായകരമാവുമെന്നാണ് വിലയിരുത്തല്‍.
ആഭ്യന്തര ഉംറ തീര്‍ഥാടകര്‍ക്കു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതു പ്രകാരം ആഭ്യന്തര തീര്‍ഥാടകരുടെ കൃത്യമായ കണക്കെടുക്കും. മാത്രമല്ല ആഭ്യന്തര, വിദേശ തീര്‍ഥാടകരുടെ എണ്ണം സന്തുലനമാക്കാന്‍ ശ്രമിക്കുകയും ചെയ്യും. ചില സീസണുകളിലും ദിവസങ്ങളിലും ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വ്യത്യാസം ഉണ്ടാവുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതു പ്രകാരം ആഭ്യന്തര തീര്‍ഥാടകര്‍ക്കും മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ബാധകമാക്കന്നതോടെ മക്കയിലേക്കുള്ള യാത്രാ ദിവസം പ്രത്യേകം നിര്‍ണയിച്ചുനല്‍കും. സ്വദേശികള്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്കുമെല്ലാം ഇത് ബാധകമായിരിക്കും.