പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. എം എസ് വല്യത്താന്‍ മണിപ്പാലില്‍ അന്തരിച്ചു
തിരുവനന്തപുരം: ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും പത്മശ്രീ ജേതാവുമായ ഡോ. എം എസ് വല്യത്താന്‍(90) മണിപ്പാലില്‍ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സ്ഥാപകനും സ്ഥാപക ഡയറക്ടറുമായിരുന്നു. മണിപ്പാല്‍ സര്‍വകലാശാലയുടെ ആദ്യ വിസിയായിരുന്നു. പത്മശ്രീ, പത്മ വിഭൂഷന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഹൃദയ ശസ്ത്രക്രിയാ മേഖലയില്‍ വല്യത്താന്റെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണങ്ങളിലെ വിജയം രാജ്യത്ത് തന്നെ ഹൃദയ ശസ്ത്രക്രിയാ മേഖലയില്‍ വലിയ മാറ്റവും പുരോഗതിയും സൃഷ്ടിച്ചിരുന്നു.
24 മെയ് 1934ന് മാര്‍ത്തണ്ഡവര്‍മയുടെയും ജാനകി വര്‍മയുടെയും മകനായി മാവേലിക്കരയിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ പഠനത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആദ്യ ബാച്ചിലായിരുന്നു ഡോ. എം എസ് വല്യത്താന്റെ എംബിബിഎസ് പഠനം. ഇംഗ്ലണ്ടിലെ ലിവര്‍പൂളിലെ ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന അദ്ദേഹം 1960ല്‍ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് ഓഫ് എഡിന്‍ബര്‍ഗിലെയും ഇംഗ്ലണ്ടിലെയും ഫെല്ലോഷിപ്പും ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന് ശസ്ത്രക്രിയയില്‍ ബിരുദാനന്തര ബിരുദവും നേടി. പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ ഫാക്കല്‍റ്റി അംഗമായി കുറച്ചുകാലം ജോലി ചെയ്തശേഷം ചണ്ഡിഗഡിലെ ജോണ്‍സ് ഹോപ്കിന്‍സ്, ജോര്‍ജ്ജ് വാഷിങ്ടണ്‍, യുഎസ്എയിലെ ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിദഗ്ധ പരിശീലനം നേടി. ശ്രീചിത്രയില്‍ ഏകദേശം 20 വര്‍ഷം സേവനം ചെയ്തശേഷമാണ് ഡോ. വല്യത്താന്‍ മണിപ്പാല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായത്.
ഇന്ത്യയിലെ ആരോഗ്യ സാങ്കേതികവിദ്യയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് ആദ്യം 1990ല്‍ പത്മശ്രീയും 2005ല്‍ പത്മവിഭൂഷനും നല്‍കി രാജ്യം ആദരിച്ചു. 1999 ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ അദ്ദേഹത്തിന് ഷെവലിയര്‍ പട്ടം നല്‍കി. അന്താരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള സംഭാവനകള്‍ക്ക് 2009 ല്‍ ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് ഡോ. സാമുവല്‍ പി ആസ്പര്‍ ഇന്റര്‍നാഷനല്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഡോ. വല്യത്താനെ തേടിയെത്തിയിട്ടുണ്ട്. ഡോ. വല്യത്താന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.