എൽദോസ് കുന്നപ്പിള്ളി കേസിൽ കോവളം സിഐ ഗുരുതര വീഴ്ചവരുത്തിയെന്ന് റിപോർട്ട്

കേസ് ഒത്തുതീർപ്പാക്കാനാണ് സിഐ ശ്രമിച്ചത്. ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന ആക്ഷേപത്തിലും വസ്തുതയുണ്ട്.

Update: 2022-10-13 17:49 GMT

തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് സഹായകരമാകുന്ന നിലയിലാണ് കോവളം പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ഇടപെടലുണ്ടായതെന്ന് വകുപ്പുതല അന്വേഷണ റിപോർട്ട്. സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച പരാതി കൈമാറിയിട്ടും കോവളം പോലിസ് നടപടിയെടുത്തില്ല. മർദ്ദനമേറ്റ യുവതി ആശുപത്രിയിൽ ചികിൽസ തേടിയെന്ന വിവരം അറിയിച്ചിട്ടും കേസെടുത്തില്ല.

ഒക്ടോബർ ഒന്നിന് പരാതിക്കാരി സ്റ്റേഷനിലെത്തിയെങ്കിലും മൊഴി രേഖപ്പെടുത്താൻ സിഐ തയാറായില്ല. എതിർകക്ഷിയുമായി കാര്യങ്ങൾ സംസാരിക്കാനായില്ലെന്ന കാരണമാണ് ചൂണ്ടിക്കാട്ടിയത്. പിന്നീടും കേസ് ഒത്തുതീർപ്പാക്കാനാണ് സിഐ ശ്രമിച്ചത്. ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന ആക്ഷേപത്തിലും വസ്തുതയുണ്ട്. ഈ സാഹചര്യത്തിൽ കോവളം എസ്എച്ച്ഒ ആയിരുന്ന ജി പ്രൈജുവിനെതിരെ നടപടിയെടുക്കണമെന്ന് ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ അസി. കമീഷണർക്ക് നൽകിയ റിപോർട്ടിൽ ശുപാർശ ചെയ്തു.

എംഎൽഎക്കുവേണ്ടി കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്ന് പരാതിക്കാരി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എസ്എച്ച്ഒക്കെതിരെ വകുപ്പുതല അന്വേഷണം തുടങ്ങിയത്. കഴിഞ്ഞദിവസം ഇദ്ദേഹത്തെ ആലപ്പുഴ പട്ടണക്കാട്ടേക്ക് സ്ഥലം മാറ്റിയിരുന്നു.

Similar News