കര്‍ഷക പ്രക്ഷോഭം: ഒരു ലക്ഷം ട്രാക്ടറുകള്‍ അണിനിരത്താന്‍ ആഹ്വാനം

റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നാണ് സംഘടനകള്‍ അറിയിക്കുന്നത്. റാലിയുടെ സഞ്ചാര പാത നാളെ തീരുമാനിക്കും.

Update: 2021-01-23 19:14 GMT

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന ട്രാക്ടര്‍ റാലിയില്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ അണിനിരത്താന്‍ ആഹ്വാനം. റാലി സമാധാനപരമായിരിക്കുമെന്നും ഇത് സംബന്ധിച്ച് പോലിസുമായി ധാരണയിലെത്തിയെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നാണ് സംഘടനകള്‍ അറിയിക്കുന്നത്. റാലിയുടെ സഞ്ചാര പാത നാളെ തീരുമാനിക്കും.

ട്രാക്ടര്‍ റാലി പാത മാറ്റുന്നതിനെ സംബന്ധിച്ച് ഡല്‍ഹി പോലിസിലെ ഉന്നത ഉദ്യോഗസ്ഥന്‍ കര്‍ഷക നേതാക്കളെ കണ്ടിരുന്നു. മൂന്ന് സമാന്തര പാതകളാണ് പോലിസ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഈ നിര്‍ദ്ദേശമാണോ കര്‍ഷകര്‍ അംഗീകരിച്ചതെന്ന് വ്യക്തമല്ല. ഡല്‍ഹി നഗരത്തിലൂടെ റാലി നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു നേരത്തേ പോലിസ് നിലപാട്.

പരേഡില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ അച്ചടക്കം പാലിക്കണമെന്നും കമ്മിറ്റി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍നം സിംഗ് ചാദുനി അഭ്യര്‍ഥിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. കര്‍ഷകരുമായി നടത്തിയ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. കര്‍ഷക പ്രതിഷേധങ്ങള്‍ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്താനാണ് തങ്ങള്‍ ട്രാക്ടര്‍ റാലി സംഘടിപ്പിക്കുന്നതെന്നും റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കര്‍ഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News