പ്രിയ വർഗീസിന് തിരിച്ചടി; ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി ഹൈക്കോടതിയില്‍
പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി യുജിസിയുടെ നിലപാട് തേടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് യുജിസിക്ക് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സലാണ് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിര്‍ണായക നിലപാടുമായി യുജിസി ഹൈക്കോടതിയില്‍. ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി കോടതിയെ അറിയിച്ചു. പ്രിയ വര്‍ഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ ഹൈക്കോടതി ഒരു മാസം കൂടി നീട്ടിയിട്ടുണ്ട്.
പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ഹൈക്കോടതി യുജിസിയുടെ നിലപാട് തേടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് യുജിസിക്ക് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സലാണ് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. യുജിസി റെഗുലേഷന് പ്രകാരം ഗവേഷണകാലം അധ്യാപന കാലയളവായി കണക്കാക്കാനാകില്ലെന്നാണ് വാക്കാല്‍ കോടതിയെ അറിയിച്ചത്.
ഇക്കാര്യം രേഖാമൂലം അറിയിക്കാന്‍ കോടതി യുജിസിയോട് ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റില്‍ രണ്ടാമതെത്തിയ ജോസഫ് സ്കറിയയാണ് പ്രിയ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. പ്രിയയുടെ നിയമനം റദ്ദാക്കി, തനിക്ക് നിയമനം നല്‍കണമെന്ന് അദ്ദേഹം ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് ഓണം അവധിക്കുശേഷം അടുത്ത മാസം 16 ന് വീണ്ടും പരിഗണിക്കും.