മദ്യഷാപ്പില്‍ മോഷ്ടിക്കാന്‍ കയറി; 'കുടിച്ച് ഫിറ്റായ കള്ളന്‍' പിടിയില്‍

ഹൈദരാബാദിലാണ് സംഭവം

Update: 2024-12-31 11:34 GMT

ഹൈദരാബാദ്: മദ്യഷാപ്പിന്റെ പൂട്ടുപൊളിച്ച് അകത്ത് കയറി സിസിടിവി കാമറ അടക്കം ഓഫ് ചെയ്ത് മോഷണം നടത്തിയ കള്ളന്‍ പിടിയില്‍. ഇഷ്ടമുള്ള മദ്യവും പണവുമെല്ലാം കൃത്യമായി പാക്ക് ചെയ്ത ശേഷം 'ഡ്യൂട്ടിക്കിടെ' മദ്യപിച്ചതാണ് ഇയാള്‍ പിടിയില്‍ ആവാന്‍ കാരണം. രാവിലെ കട തുറക്കാന്‍ എത്തിയ ജീവനക്കാരാണ് അബോധാവസ്ഥയിലുള്ള കള്ളനെ കണ്ടതും പോലിസിനെ അറിയിച്ചതും.

ഒരു കുപ്പി മദ്യം തുറന്ന നിലയില്‍ ഇയാളുടെ അബോധാവസ്ഥയിലുള്ള ശരീരത്തിന് സമീപത്തുനിന്നു കണ്ടെടുത്തതായി പോലിസ് പറഞ്ഞു. ഗ്ലാസ് ഉപയോഗിച്ചാണ് മദ്യപിച്ചതെന്നു വ്യക്തമാക്കുന്ന ഒരു ഒഴിഞ്ഞ ഗ്ലാസും കണ്ടെടുത്തു. ഇയാളുടെ മുഖത്തുകണ്ട മുറിവ് ബോധംകെട്ട് വീണ സമയത്തുണ്ടായതാണെന്നും പോലിസ് അനുമാനിക്കുന്നു. മദ്യകുപ്പികളും പണവും ഇയാളുടെ ചുറ്റും ചിതറിക്കിടക്കുന്നുമുണ്ടായിരുന്നു.

രാത്രി പത്തിന് പൂട്ടിയ കട രാവിലെ പത്തിനാണ് തുറന്നതെന്ന് ഷോപ്പ് മാനേജര്‍ നാര്‍സിങ് പറഞ്ഞു. കടയുടെ മേല്‍ക്കൂരയിലെ ടൈലുകള്‍ മാറ്റിയ ശേഷമാണ് പ്രതി അകത്തുകടന്നിരിക്കുന്നത്. പ്രതിക്ക് ഇതുവരെ ബോധം വന്നിട്ടില്ലെന്നും ആരാണ് ഇയാളെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും പോലിസ് അറിയിച്ചു.

Similar News