ജെറുസലേം: ഇസ്രായേല്‍ നഗരമായ കിര്യത് ഷമോനയില്‍ ലെബനാനില്‍നിന്നുള്ള റോക്കറ്റ് ആക്രമത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 40 വയസ്സുള്ള പുരുഷനും സ്ത്രീയുമാണ് കൊല്ലപ്പെട്ടതെന്ന് മഗന്‍ ഡേവിഡ് അഡോം ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. ലെബനാനില്‍ നിന്ന് ഏകദേശം 20 റോക്കറ്റുകളാണ് നഗരത്തിലേക്ക് തൊടുത്തുവിട്ടതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇന്നലെ ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം തകര്‍ത്തതായി ഐഡിഎഫ് അവകാശപ്പെട്ടിരുന്നു. ഇതിനു പുറമെ, രാത്രിയില്‍ ബെയ്‌റൂത്തിനു നേരെയും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഹിസ്ബുല്ല ആയുധനിര്‍മ്മാണ പ്ലാന്റിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ കമാന്‍ഡ് സെന്ററിലുമാണ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ഹൈഫ മേഖലയില്‍ റോക്കറ്റ് ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 16 വയസ്സുള്ള ഒരു ആണ്‍കുട്ടിയെയും 40നും 50നും ഇടയില്‍ പ്രായമുള്ള മറ്റ് നാല് പേരെയും നിസ്സാര പരിക്കുകളോടെ റാംബാം ആശുപത്രിയിലേക്ക് കൊണ്ടുപോയതായും റിപോര്‍ട്ടുണ്ട്. കൂടാതെ, പ്രദേശത്ത് സൈറണ്‍ മുഴങ്ങിയപ്പോള്‍ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 കാരനായ സൈക്ലിസ്റ്റിന് നിസ്സാര പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.