തിരിച്ചടിച്ച് ഇറാന്‍; ഇറാഖില്‍ സംഘര്‍ഷം പടരുന്നു, യുഎസ് എംബസിക്കും സൈനിക താവളത്തിനും നേരെ വ്യോമാക്രമണം
വടക്കന്‍ ബഗ്ദാദിലെ യുഎസ് സേന ഉപയോഗിക്കുന്ന ബലാദ് സൈനിക താവളത്തെ ലക്ഷ്യമാക്കിയാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. സൈനിക താവളത്തിനകത്ത് രണ്ടു റോക്കറ്റുകള്‍ പതിച്ചതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
ബഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബഗ്ദാദില്‍ പ്രധാന സര്‍ക്കാര്‍ ഓഫിസുകളും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണില്‍ വ്യോമാക്രമണം. ശനിയാഴ്ച വൈകീട്ട് രണ്ടു ഉഗ്രസ്‌ഫോടനങ്ങളുണ്ടായതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രകാരം ബഗ്ദാദിലെ യുഎസ് എംബസിക്ക് സമീപമാണ് ഒരു മിസൈല്‍ പതിച്ചത്. കത്യുഷ റോക്കറ്റാണ് ഗ്രീന്‍ സോണില്‍ പതിച്ചതെന്ന് പോലിസ് വൃത്തങ്ങള്‍ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.
ആക്രമണത്തെത്തുടര്‍ന്ന് യുഎസ് എംബസിയിലേക്കുള്ള റോഡ് അടച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വടക്കന്‍ ബഗ്ദാദിലെ യുഎസ് സേന ഉപയോഗിക്കുന്ന ബലാദ് സൈനിക താവളത്തെ ലക്ഷ്യമാക്കിയാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. സൈനിക താവളത്തിനകത്ത് രണ്ടു റോക്കറ്റുകള്‍ പതിച്ചതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
ഇറാനിലെ കുദ്‌സ് ഫോഴ്‌സിന്റെ തലവനും പ്രാദേശിക സുരക്ഷാ തന്ത്രത്തിന്റെ ആസൂത്രകനുമായ ജനറല്‍ കാസിം സുലൈമാനിയെ വെള്ളിയാഴ്ച പുലര്‍ച്ചെ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചിരുന്നു. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഇതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. അതേസയമം, നിലവിലെ ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.