യുഎസിനെതിരേ വീണ്ടും പ്രതികാരം; ഇറാഖിലെ സൈനിക താവളത്തിനു നേരെ മിസൈല്‍ ആക്രമണം
യുഎസ് സൈന്യം തമ്പടിച്ച ഇവിടെ കത്യൂഷ റോക്കറ്റുകളാണ് പതിച്ചത്. ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്ന് ഇറാഖി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ബഗ്ദാദ്: ഇറാഖില്‍ യുഎസ് സൈന്യത്തിനു നേരെ വീണ്ടും മിസൈല്‍ ആക്രമണം. വടക്കന്‍ ബഗ്ദാദിലെ താജി സൈനിക ക്യാംപ് ലക്ഷ്യമിട്ടാണ് ആക്രണമുണ്ടായത്. യുഎസ് സൈന്യം തമ്പടിച്ച ഇവിടെ കത്യൂഷ റോക്കറ്റുകളാണ് പതിച്ചത്. ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്ന് ഇറാഖി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ആക്രമണത്തില്‍ ഒരു സൈനികനും പരിക്കേറ്റിട്ടില്ലെന്ന് ഐഎസ് വിരുദ്ധ നീക്കങ്ങള്‍ നടത്തുന്ന യുഎസ് നേതൃത്വത്തിലുള്ള സഖ്യ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. താജി താവളത്തിലുണ്ടായ ഈ ചെറിയ ആക്രമണം സഖ്യസേനയെ തരിമ്പും ബാധിച്ചിട്ടില്ലെന്ന് സഖ്യസേനാ വക്താവ് കേണല്‍ മൈല്‍സ് കാഗിന്‍സ് മൂന്നാമന്‍ ട്വീറ്റ് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ബാഗ്ദാദില്‍ നിന്ന് 80 കിലോമീറ്റര്‍ (50 മൈല്‍) വടക്കായി സ്ഥിതിചെയ്യുന്ന ബലാദ് എയര്‍ബേസില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ റോക്കറ്റ് ആക്രമണങ്ങളില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. എട്ടു കത്യുഷ റോക്കറ്റുകളാണ് ഇവിടെ പതിച്ചത്. ഇറാഖി വൈമാനികര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ഇറാന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യുഎസ് വ്യോമാക്രണത്തില്‍ കൊലപ്പെടുത്തിയതില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.