കൊറോണ വൈറസിനെ നേരിടാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര ആര്‍ആര്‍ടി യോഗം ചേര്‍ന്നു
കൊറോണ വൈറസിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെ പറ്റിയാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്.
തിരുവനന്തപുരം: തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ ചികില്‍സയില്‍ കഴിയുന്ന ഒരു വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അടിയന്തര റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി.) യോഗം ചേര്‍ന്നു. കൊറോണ വൈറസിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെ പറ്റിയാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. കൊറോണ രോഗം ബാധിച്ച വിദ്യാര്‍ത്ഥിയുടെ അവസ്ഥ ഗുരുതരമല്ലെന്ന് യോഗം വിലയിരുത്തി. എങ്കിലും ആ വിദ്യാര്‍ത്ഥി യാത്രയിലും മറ്റും ബന്ധപ്പെട്ടിട്ടുള്ളവരുടെ കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കേണ്ടതാണ്. അതിനാണ് ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കേണ്ടത്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഇപ്പോള്‍ രോഗ ലക്ഷണങ്ങളില്ലെങ്കിലും അവരെ കണ്ടെത്തി നിരീക്ഷണത്തില്‍ വയ്ക്കാനും യോഗം തീരുമാനിച്ചു.
ജീവനക്കാര്‍ കര്‍ശനമായും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെന്ന് മന്ത്രി കെ കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍ എന്നിവ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി ലഭ്യമാക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊറോണ സ്ഥിരീകരിച്ച രോഗിയെ ചികിത്സിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രി കെ കെ ശൈലജയും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും രാത്രി 11 മണിയോടെ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി ഉന്നതതല യോഗം കൂടുന്നതാണ്.
കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. രാജു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷി, ആര്‍ദ്രം മിഷന്‍ സ്‌റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ജമീല, ആര്‍ദ്രം സ്‌റ്റേറ്റ് നോഡല്‍ ഓഫിസര്‍ ഡോ. സി കെ ജഗദീശന്‍, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ്‌കുമാര്‍, സംസ്ഥാന സാംക്രമിക രോഗ പ്രതിരോധ സെല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. പി എസ് ഇന്ദു, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.