കൂത്തുപറമ്പില്‍ സിപിഎം നേതാവിന്റെ കാറിനു നേരെ ആര്‍എസ്എസ് ബോംബേറ്

പാട്യം ഗോപാലന്‍ ദിനത്തോടനുബന്ധിച്ച് ചെറുവാഞ്ചേരി ടൗണിലും പരിസരങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ കൊടി തോരണങ്ങള്‍ അലങ്കരിച്ചിരുന്നു. അതിനു ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് ഒരു സംഘം കാറിനു നേരെ ബോംബെറിഞ്ഞത്.

Update: 2022-09-27 05:27 GMT

കൂത്തുപറമ്പ്: സിപിഎം ചെറുവാഞ്ചേരി ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കുറ്റിയന്‍ അമലിന്റെ കാറിനു നേരേ ബോംബേറ്. തിങ്കളാഴ്ച രാത്രി പത്തരയോടെ കണ്ണവം റോഡില്‍ വില്ലേജ് ഓഫിസ് പരിസരത്താണ് സംഭവം. കഴിഞ്ഞ വർഷവും അമലിന് നേരേ ആർഎസ്എസ് ബോംബേറ് നടന്നിരുന്നു.

പാട്യം ഗോപാലന്‍ ദിനത്തോടനുബന്ധിച്ച് ചെറുവാഞ്ചേരി ടൗണിലും പരിസരങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ കൊടി തോരണങ്ങള്‍ അലങ്കരിച്ചിരുന്നു. അതിനു ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് ഒരു സംഘം കാറിനു നേരെ ബോംബെറിഞ്ഞത്. ബോംബ് കാറിനു മുന്നില്‍ റോഡില്‍ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടി. അക്രമികള്‍ വില്ലേജ് ഓഫീസിനു മുന്നിലുളള റോഡിലേക്ക് ഓടി മറയുന്നത് കണ്ടതായി അമല്‍ പറഞ്ഞു.

ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ വര്‍ഷം അമലിന്റെ വീടിനു നേരെ ബോംബേറുണ്ടായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടിയിട്ടില്ല. ബ്രാഞ്ച് സെക്രട്ടറിക്കു നേരെ ബോംബെറിഞ്ഞതിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

Similar News