വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കി സൗദിയിലേക്ക് കടന്ന ആര്‍എസ്എസ് മുന്‍ മുഖ്യശിക്ഷക് അറസ്റ്റില്‍

Update: 2021-12-16 02:29 GMT

കിളിമാനൂര്‍: വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് സൗദിയിലേക്ക് കടന്ന ആര്‍എസ്എസ് മുന്‍ മുഖ്യശിക്ഷക് 10 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. കിളിമാനൂര്‍ കണ്ണയംകോട് കുന്നുമ്മല്‍ സാഫല്യം വീട്ടില്‍ താമസക്കാരനായ രാജേഷ് (47) ആണ് കിളിമാനൂര്‍ പോലിസിന്റെ പിടിയിലായത്. ഷെറിന്‍ അബ്ദുല്‍ സലാം എന്ന പേരിലാണ് ആര്‍എസ്എസ് നേതാവ് വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയത്. 2006 ലാണ് വ്യാജരേഖകള്‍ നിര്‍മിച്ച് ആള്‍മാറാട്ടം നടത്തി പാസ്‌പോര്‍ട്ട് കരസ്ഥമാക്കി വിദേശത്ത് പോയത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറല്‍ ജില്ല പോലിസ് മേധാവി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2019ല്‍ കിളിമാനൂര്‍ പോലിസ് കേസെടുത്ത് ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. 15ന് വിദേശത്തുനിന്നു തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ എയര്‍ പോര്‍ട്ട് അധികൃതര്‍ തടഞ്ഞുനിര്‍ത്തി പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.

ആറ്റിങ്ങല്‍ ഡിവൈഎസ്പി ഡി എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Tags:    

Similar News