സര്‍ക്കാര്‍ രൂപീകരണത്തിന് ആര്‍എസ്എസ് ചരടുവലി തുടങ്ങി
പരമാവധി പ്രാദേശിക പാര്‍ട്ടികളെ എന്‍ഡിഎക്ക് ഒപ്പം കൂട്ടാനാണ് ശ്രമം നടക്കുന്നത്. ഇതിനായി, 23ന് ഫലപ്രഖ്യാപനം വരെ കാക്കാതെ ഇപ്പോള്‍തന്നെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളില്‍ സജീവമാകാനാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിനിടയിലെ ധാരണ.
നാഗ്പുര്‍: തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നതോടെ സര്‍ക്കാര്‍ രൂപീകരണത്തിനു സകലവഴികളും അന്വേഷിച്ച് ബിജെപി-ആര്‍എസ്എസ് നീക്കം. പരമാവധി പ്രാദേശിക പാര്‍ട്ടികളെ എന്‍ഡിഎക്ക് ഒപ്പം കൂട്ടാനാണ് ശ്രമം നടക്കുന്നത്. ഇതിനായി, 23ന് ഫലപ്രഖ്യാപനം വരെ കാക്കാതെ ഇപ്പോള്‍തന്നെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളില്‍ സജീവമാകാനാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിനിടയിലെ ധാരണ.
മുന്നൂറിലധികം സീറ്റുകള്‍ ബിജെപി നേടുമെന്ന് നേതാക്കള്‍ പൊതുവേദികളില്‍ പ്രസംഗിക്കുന്നുണ്ടെങ്കിലും അതൊന്നും യാഥാര്‍ഥ്യമാവാന്‍ പോവുന്നില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഈ നീക്കം. ആര്‍എസ്എസ് ഇതു മൂന്നാംവട്ടമാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നേരിട്ടുള്ള ഇടപെടലുകള്‍ക്ക് തുനിയുന്നത്. നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ആര്‍എസ്എസ് തങ്ങളുടെ നിലയില്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന് മുന്‍പ് അടിയന്തിരാവസ്ഥക്ക് ശേഷമുള്ള തിരഞ്ഞെടുപ്പിലാണ് ആര്‍എസ്എസ് കരുക്കള്‍ നീക്കിയത്.
എന്‍ഡിഎയ്ക്കു മാത്രമായി കേവല ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളെ ഒപ്പം കൂട്ടാനാണ് ബിജെപി ശ്രമം. നവീന്‍ പട്‌നായ്ക്കിന്റെ ബിജെഡി, കെ. ചന്ദ്രശേഖരറാവുവിന്റെ ടിആര്‍എസ് തുടങ്ങിയ കക്ഷികളെയും സമീപിക്കാനാണ് ആര്‍എസ്എസ് തീരുമാനം. കഴിഞ്ഞതവണ ജയിച്ച് കയറുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഉത്തരേന്ത്യയിലെ കൗ ബെല്‍റ്റുകള്‍ ഉള്‍പ്പെടുന്ന മണ്ഡലങ്ങളില്‍ പിന്നിലാകുമെന്ന ആശങ്ക നേതൃത്വത്തിനുമുണ്ട്. ഈ മേഖലയിലെ മുസ്‌ലിം വോട്ടുകളും കര്‍ഷക വോട്ടുകളും ബിജെപിയെ താഴെയിറക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
ബിജെപി പ്രതീക്ഷിക്കുന്ന വിജയം നേടിയാല്‍, 2014 മുതല്‍ പാര്‍ട്ടിയെ നയിക്കുന്ന അമിത് ഷാ മന്ത്രിസഭയില്‍ നിര്‍ണായക ചുമതലയിലുണ്ടാവുമെന്നതു വ്യക്തമാണ്. മോദിയുടെ ഗുജറാത്ത് ഭരണത്തിന്റെ മാതൃകയാവും ഇതിലൂടെ സൃഷ്ടിക്കപ്പെടുക. ലോക്‌സഭയിലേക്കു കന്നിമല്‍സരം നടത്തുന്ന അമിഷ് ഷാ ആഭ്യന്തര മന്ത്രിപദത്തിലെത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.