'ശബരിമല ചെമ്പോല വ്യാജം'; ഇക്കാര്യം തെളിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി

മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മോന്‍സന്റെ വീട്ടില്‍ പോയത് എന്തിനാണ് എന്നതില്‍ വ്യക്തതയില്ല.

Update: 2021-10-11 05:47 GMT

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിന്റെ ശേഖരത്തില്‍ നിന്നും ലഭിച്ച ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ചെമ്പോല വ്യാജമാണെന്ന് ഏകദേശം തെളിഞ്ഞിട്ടുണ്ടെന്നും ചെമ്പോല യാഥാര്‍ത്ഥ്യമാണെന്ന് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും അവകാശവാദമൊന്നും നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. പുരാവസ്തുവാണോയെന്ന് പരിശോധിക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണാണെന്നും അതിനുള്ള നടപടികള്‍ തുടങ്ങിയതായും മുഖ്യമന്ത്രി വിശദീകരിച്ചു.

മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മോന്‍സന്റെ വീട്ടില്‍ പോയത് എന്തിനാണ് എന്നതില്‍ വ്യക്തതയില്ല. അദ്ദേഹം പോയതിന് ശേഷമുള്ള നടപടികളെ കുറിച്ചാണ് വിശദീകരിച്ചത്. പുരാവസ്തുക്കളില്‍ സംശയം തോന്നിയതോടെയാണ് ബെഹ്‌റ ഇഡി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതെന്നും കൊക്കൂണ്‍ സമ്മേളനത്തില്‍ മോന്‍സന്‍ പങ്കെടുത്തതായി രജിസ്റ്ററില്‍ കാണുന്നില്ലെന്നും പിണറായി വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കള്‍ തട്ടിപ്പിന് വിധേയരാവരാണെങ്കില്‍ അവര്‍ ആവശ്യപ്പെട്ടാല്‍ അന്വേഷണം നടത്തും. എന്നാല്‍ തട്ടിപ്പിന് കൂട്ട് നിന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷണ പരിധിയില്‍ വരുമെന്നും അദ്ദേഹം വിശദീകരിച്ചു.

Tags:    

Similar News