ദേശീയ പതാകയ്ക്ക് പകരം കാവിക്കൊടി വരുമെന്ന് ആര്‍എസ്എസ് നേതാവ്

പാര്‍ലമെന്റിലും രാജ്യസഭയിലും ദേശീയ പതാക മാറ്റുന്നതിന് ഭൂരിപക്ഷം ആളുകളും വോട്ട് ചെയ്താല്‍ പതാക മാറ്റാമെന്ന് ഡോ. ഭട്ട് പറഞ്ഞു

Update: 2022-03-21 05:13 GMT

ബെംഗളൂരു: എന്നെങ്കിലും ത്രിവര്‍ണ പതാകയ്ക്ക് പകരം കാവിക്കൊടി ദേശീയ പതാകയാകുമെന്ന് ആര്‍എസ്എസ് നേതാവ് ഡോ. കല്ലഡ്ക പ്രഭാകര്‍ ഭട്ട്.'ഹിന്ദു സമാജം ഒരുമിച്ചാല്‍, അത് സാധ്യമാണ്, അത് സംഭവിക്കണം'- നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കുറ്റാറില്‍ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) കര്‍ണിക കൊറഗജ്ജയുടെ ആശ്രമം സംഘടിപ്പിച്ച ഹിന്ദുക്കളുടെ ഐക്യത്തിനായുള്ള കാല്‍നട മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രഭാകര്‍ ഭട്ട്.

'ഇപ്പോഴത്തെ ത്രിവര്‍ണ പതാകയ്ക്ക് മുമ്പ് ഏത് പതാകയുണ്ടായിരുന്നു? നേരത്തെ ബ്രിട്ടീഷുകാരുടെ പതാകയുണ്ടായിരുന്നു. അതിനുമുമ്പ്, നമ്മുടെ രാജ്യത്തിന്റെ പതാക ഒരു പച്ച നക്ഷത്രവും ചന്ദ്രനുമായിരുന്നു'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റിലും രാജ്യസഭയിലും ദേശീയ പതാക മാറ്റുന്നതിന് ഭൂരിപക്ഷം ആളുകളും വോട്ട് ചെയ്താല്‍ പതാക മാറ്റാമെന്ന് ഡോ. ഭട്ട് പറഞ്ഞു. കാര്യങ്ങള്‍ ഈ രീതിയില്‍ തുടര്‍ന്നാല്‍ ഹിന്ദു സമൂഹം ഒന്നിക്കും. സ്‌കൂള്‍ സിലബസില്‍ ഭഗവദ് ഗീത അവതരിപ്പിക്കുന്ന വിഷയത്തില്‍, എല്ലാ സ്‌കൂളുകളിലും വീടുകളിലും ഭഗവദ്ഗീത വായിക്കണമെന്ന് ഭട്ട് പറഞ്ഞു. 'സ്‌കൂളുകളില്‍ ഭഗവദ് ഗീത പഠിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനെപ്പോലെ നമ്മുടെ സര്‍ക്കാര്‍ ധീരമായ ഒരു ചുവടുവെപ്പ് നടത്തിയിട്ടുണ്ട്. ഞങ്ങള്‍ എല്ലാവരും ഈ നീക്കത്തെ പിന്തുണയ്ക്കുന്നു'- അദ്ദേഹം പറഞ്ഞു.

പഴയ കാലത്തെ ഹിജാബിലേക്ക് പോകുന്നതിന് ഒരു കാരണവുമില്ലെന്ന് ഭട്ട് പറഞ്ഞു. കഴിഞ്ഞ ദിവസം, ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിഎച്ച്പി സംഘടിപ്പിച്ച കാല്‍നട ജാഥ കദ്രി മഞ്ജുനാഥേശ്വര ക്ഷേത്രത്തില്‍ നിന്നാണ് ആരംഭിച്ചത്.







Tags:    

Similar News