സായ്ബാബയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന്; പൊതുദര്‍ശനം നാളെ
ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രഫസറും സാമൂഹിക-പൗരാവകാശ പ്രവര്‍ത്തകനുമായ ജി എന്‍ സായ്ബാബ ഇന്നലെ രാത്രിയാണ് അന്തരിച്ചത്.
ഹൈദരാബാദ്: അന്തരിച്ച മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജി എന്‍ സായ്ബാബയുടെ മൃതദേഹം നാളെ ഹൈദരാബാദില്‍ പൊതുദര്‍ശനത്തിന് വെക്കും. ഹൈദരാബാദിലെ ജവഹര്‍ നഗറിലെ ശ്രീനിവാസ ഹൈറ്റ്‌സിലാണ് രാവിലെ പത്ത് മണി മുതല്‍ പൊതുദര്‍ശനം. സായ്ബാബയുടെ ആഗ്രഹപ്രകാരം മൃതദേഹം മെഡിക്കല്‍ പഠനത്തിനായി കൈമാറുമെന്ന് കുടുംബം അറിയിച്ചു. കണ്ണുകള്‍ എല്‍ വി പ്രസാദ് കണ്ണാശുപത്രിക്ക് ദാനം ചെയ്തു.
ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രഫസറും സാമൂഹിക-പൗരാവകാശ പ്രവര്‍ത്തകനുമായ ജി എന്‍ സായ്ബാബ (57) ഇന്നലെ രാത്രിയാണ് അന്തരിച്ചത്. പിത്താശയ ഗ്രന്ഥിയിലെ കല്ല് നീക്കാന്‍ നടത്തിയ ശസ്ത്രക്രിയക്ക് ശേഷമാണ് മരണം. മഹാരാഷ്ട്ര പോലിസ് റജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ പത്ത് വര്‍ഷമാണ് സായ്ബാബ ജയിലില്‍ അടക്കപ്പെട്ടത്. ബോംബെ ഹൈക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ട 2024 മാര്‍ച്ചിലാണ് അദ്ദേഹം ജയില്‍ മോചിതനായത്.