അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവച്ചു

Update: 2022-03-22 10:25 GMT

ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്‌സഭാ അംഗത്വം രാജിവച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം എംപി സ്ഥാനം രാജിവച്ചത്. രാജിക്കത്ത് അദ്ദേഹം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൈമാറി.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ സാധിക്കാതെ പോയതോടെ എംഎല്‍എ സ്ഥാനം രാജിവച്ചേക്കുമെന്ന പ്രചാരണങ്ങള്‍ തള്ളിയാണ് അഖിലേഷ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് മുമ്പാകെ രാജിസമര്‍പ്പിച്ചത്. ഇതാദ്യമായാണ് അഖിലേഷ് യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട് ജനവിധി തേടിയത്. എസ്പി തട്ടകമായ മെയിന്‍പുരിയിലെ കര്‍ഹാല്‍ മണ്ഡലത്തില്‍നിനിന്നുള്ള കന്നിയങ്കത്തില്‍ 67,504 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.

അഖിലേഷിന് 1,48,196 വോട്ട് ലഭിച്ചപ്പോള്‍ കേന്ദ്രമന്ത്രി കൂടിയായ ബിജെപി സ്ഥാനാര്‍ഥി എസ്പി സിങ് ബാഗേലിന് 80,692 വോട്ടാണ് ലഭിച്ചത്. ഇതിന് മുമ്പ് ലെജിസ്ലേറ്റീവ് അസംബ്ലി വഴിയായിരുന്നു അഖിലേഷ് യുപി മുഖ്യമന്ത്രിയായത്. 2019ല്‍ അസംഗഢില്‍ നിന്നാണ് അഖിലേഷ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 111 സീറ്റുകളാണ് ലഭിച്ചത്. അഖിലേഷ് യുപി നിയമസഭയില്‍ പ്രതിപക്ഷ നേതാവാകുമെന്നാണ് സൂചന.

Tags:    

Similar News