സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലിയുടെ ജാമ്യാപേക്ഷ തള്ളി

Update: 2025-04-05 02:56 GMT

ബറെയ്‌ലി: സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിലെ ഹിന്ദുത്വ സര്‍വേയുമായി ബന്ധപ്പെട്ട സംഘര്‍ഷക്കേസില്‍ പ്രതിയാക്കിയ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിയുടെ ജാമ്യാപേക്ഷ തള്ളി. ജനങ്ങളെ പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചത് സഫര്‍ അലിയാണെന്നും വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം തെറ്റായ വിവരങ്ങള്‍ പറഞ്ഞുവെന്നുമുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ വാദം മുഖവിലയ്‌ക്കെടുത്താണ് അഡീഷണല്‍ ജില്ലാ ജഡ്ജി നിര്‍ഭയ് നരെയ്ന്‍ റായ് ജാമ്യാപേക്ഷ തള്ളിയത്.

സംഭല്‍ സംഘര്‍ഷത്തില്‍ 'വലിയ പങ്കുണ്ടെന്ന്' പോലിസ് സംശയിക്കുന്ന സിയാവുര്‍ റഹ്മാന്‍ ബര്‍ഖ് എംപിയുമായി സഫര്‍ അലി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹരി ഓം സൈനി വാദിച്ചു. ജനക്കൂട്ടം അക്രമം നടത്തിയെന്നും അതില്‍ എംപിക്ക് വലിയ പങ്കുണ്ടെന്നും ഏപ്രില്‍ എട്ടിന് എംപിയെ ചോദ്യം ചെയ്യുമെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. മസ്ജിദില്‍ നവംബര്‍ 24ന് രഹസ്യമായി സര്‍വേ നടത്താനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനമെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ വെളിപ്പെടുത്തി. സഫര്‍ അലി അടക്കം ആറുപേര്‍ക്ക് മാത്രമേ സര്‍വേയുടെ കാര്യം അറിയുമായിരുന്നുള്ളു. സഫര്‍ അലിയാണ് വിവരം പുറത്തുവിട്ടതെന്നും പ്രോസിക്യൂട്ടര്‍ കുറ്റപ്പെടുത്തി.

ജാമ്യാപേക്ഷ തള്ളുമെന്ന് ഉറപ്പായിരുന്നു എന്ന് സഫര്‍ അലിയുടെ അഭിഭാഷകന്‍ തൗസീഫ് അഹമദ് പറഞ്ഞു. ''ജാമ്യാപേക്ഷ തള്ളാന്‍ ജുഡീഷ്യറിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. നിസാര വകുപ്പുകളില്‍ ചോദ്യം ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് അലിയെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭല്‍ സംഘര്‍ഷത്തിലെ സത്യം ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ പറയാനിരിക്കെയാണ് തലേദിവസം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. ജയിലില്‍ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്. മേല്‍ക്കോടതികളെ സമീപിക്കാനാണ് തീരുമാനം.''-അഡ്വ. തൗസീഫ് പറഞ്ഞു.

സിയാവുര്‍ റഹ്മാന്‍ ബര്‍ഖ് എംപിക്ക് അക്രമത്തില്‍ പങ്കുണ്ടെന്ന് പ്രോസിക്യൂട്ടര്‍ ഹരി ഓം സൈനി മാധ്യമങ്ങളോട് പറഞ്ഞു. ബര്‍ഖിന്റെ മകന്‍ സുഹൈല്‍ ഇഖ്ബാല്‍ അടക്കമുള്ളവരുടെ പങ്ക് വരും ദിവസങ്ങളില്‍ വെളിവാവുമെന്നും സൈനി അവകാശപ്പെട്ടു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബര്‍ഖ് അലഹബാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ബര്‍ഖിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവും ഇറക്കിയിട്ടുണ്ട്. സംഭലില്‍ സംഘര്‍ഷം നടക്കുമ്പോള്‍ ബംഗളൂരുവില്‍ മുസ്‌ലിം വ്യക്തി നിയമബോര്‍ഡിന്റെ യോഗത്തിലായിരുന്നു ബര്‍ഖ്.

2024 നവംബര്‍ 24ന് മസ്ജിദ് പരിസരത്ത് പോലിസ് നടത്തിയ വെടിവയ്പ്പില്‍ ആറ് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2025 മാര്‍ച്ച് 23നാണ് പോലിസ് സഫര്‍ അലിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.

Similar News