സാംസങ് ജീവനക്കാരുടെ സമരം പതിനാലാം ദിവസത്തിലേക്ക്; വിട്ടു വീഴ്ചയ്ക്കില്ലെന്ന നിലപാടുമായി കമ്പനി അധികൃതര്‍

Update: 2024-09-23 10:14 GMT

ചെന്നൈ: തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ സാംസങ് ജീവനക്കാരുടെ സമരം പതിനാലാം ദിവസത്തിലേക്ക് . ശമ്പളം കൂട്ടുക, ജോലി സമയം വെട്ടിച്ചുരുക്കുക എന്നീ ആവശ്യങ്ങളുമായി കമ്പനിയിലെ 1300 തൊഴിലാളികളാണ് സമരം നടത്തുന്നത്. എന്നാല്‍ തൊഴിലാളികള്‍ സമരം മുന്നോട്ട് കൊണ്ടു പോവുകയാണെങ്കില്‍ കമ്പനിക്ക് കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജോലി ചെയ്തില്ലെങ്കില്‍ ശമ്പളവും നല്‍കില്ലെന്ന നിലപാടിലാണ് അധികൃതര്‍. കൂടാതെ നാല് ദിവസത്തിനകം തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചുവിടാതിരിക്കാനുള്ള കാരണങ്ങള്‍ തൊഴിലാളികള്‍ കമ്പനിയോട് വിശദീകരിക്കേണ്ടി വരും എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

സെപ്തംബര്‍ ഒമ്പതിന് സാംസങിന്റെ ഗൃഹോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിക്ക് സമീപമുള്ള താല്‍ക്കാലിക ടെന്റിലാണ് സമരം തുടങ്ങിയത്. കമ്പനിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് തൊഴിലാളികളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. അര്‍ഹമായ അപ്രൈസലോ വേതനമോ കമ്പനി നല്‍കുന്നില്ലെന്നും കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു.

എട്ട് മണിക്കൂറായി ജോലിസമയം ചുരുക്കുക, അപ്രൈസല്‍ വര്‍ധിപ്പിക്കുക, പ്രതിമാസ വരുമാനം 25000 രൂപയില്‍ നിന്ന് 36000 രൂപയാക്കി ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികളുടെ സമരം.സമരം കമ്പനിയുടെ 80 ശതമാനം ഉത്പാതനത്തെയും ബാധിച്ചതായി റിപ്പോട്ടുകളുണ്ട്. സാംസങ്ങിന്റെ സൗത്ത് കൊറിയയിലെ നാഷണല്‍സാംസങ് ഇലക്ട്രോണിക്സ് യൂണിയനും സമരത്തോട് അനുകൂല നിലപാട് സ്വീകരിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.





Similar News