കേരളം ഒരു ഭ്രാന്താലയമാണ്; നരബലിയിൽ കെ സുരേന്ദ്രനെ തള്ളി സന്ദീപ് വാര്യർ
ഇലന്തൂരിലും എല്ലാ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പ്രവർത്തകരുണ്ട്, സാമൂഹ്യ സംഘടനകളുണ്ട്, സർക്കാർ സംവിധാനങ്ങളുണ്ട്. അവരാരും ഈ കൊടിയ ക്രൂരത നടക്കാൻ പോകുന്നതോ നടന്നതോ അറിഞ്ഞില്ല.
പാലക്കാട്: സ്വയം പുരോഗമന സമൂഹമെന്നും എല്ലാം തികഞ്ഞവരെന്നും വിലയിരുത്തി മേനി നടിക്കുന്ന മലയാളികൾ ആന്തരിക ദൗർബല്യങ്ങളെ പറ്റിയോ പുഴുക്കുത്തുകളെ പറ്റിയോ ബോധവാന്മാരല്ലെന്ന് സന്ദീപ് വാര്യർ. അതുകൊണ്ട് തന്നെ ആത്മ പരിശോധനക്ക് തയാറല്ലെന്നും ഇലന്തൂർ നരബലി ചൂണ്ടിക്കാട്ടി അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. മതഭീകരവാദികളാണ് നരബലിക്ക് പിന്നിലെന്ന കെ സുരേന്ദ്രന്റെ നിലപാട് തള്ളിയാണ് സന്ദീപ് രംഗത്തെത്തിയത്.
ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപിനെ ബിജെപി പുറത്താക്കിയ ശേഷം ആദ്യമായാണ് ഒരു വിഷയത്തിൽ അദ്ദേഹം ഫേസ്ബുക്കിൽ പ്രതികരിക്കുന്നത്. ഇലന്തൂരിലും എല്ലാ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പ്രവർത്തകരുണ്ട്, സാമൂഹ്യ സംഘടനകളുണ്ട്, സർക്കാർ സംവിധാനങ്ങളുണ്ട്. അവരാരും ഈ കൊടിയ ക്രൂരത നടക്കാൻ പോകുന്നതോ നടന്നതോ അറിഞ്ഞില്ല. കേരളത്തിലെ മറ്റ് ഏത് ഗ്രാമത്തിലും ഇത് തന്നെ സംഭവിക്കുമെന്ന് പറഞ്ഞതിലൂടെ സന്ദീപ് ബിജെപിയേയും പ്രതി സ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്.
'നാം അന്യ സംസ്ഥാനങ്ങളുടെ കുറ്റങ്ങളും കുറവുകളും ഗവേഷണം നടത്തുന്നതിൽ വിദഗ്ധരാണ്. നരബലിക്ക് നേതൃത്വം നൽകിയ ഭഗവൽ സിങ് എന്ന സഖാവും കേരളം നമ്പർ വൺ ആണെന്ന് സ്വയം വിശ്വസിച്ചിരുന്നു. ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനങ്ങളേക്കാൾ മയക്ക് മരുന്ന് ഇടപാട് നടക്കുന്നതും കേരളത്തിലാണ്. പക്ഷെ നാം സുഖ സുഷുപ്തിയിലാണ്. ഷൊർണൂരിലെ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലിറങ്ങിയ സ്വാമി വിവേകാനന്ദൻ കേരളത്തെ കുറിച്ച് നടത്തിയ പ്രസ്താവന ഇന്നും പ്രസക്തമാണ്. " കേരളം ഒരു ഭ്രാന്താലയമാണ്" -സന്ദീപ് വാര്യർ പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം.
"മാറത്തെന്ന് അന്നെന്നെ
അടര്‍ത്തിയെടുത്ത്
എന്തിനാണമ്മ കരുവായത്
എന്തിനാണമ്മ കരുവായത്
പെണ്ണിന്റെ ചോര വീണാലാത്രെ
പാലത്തിന്‍ തൂണ് ഉറക്കുള്ളൂന്ന്"
പാലത്തിന്റെ തൂണ് ഉറപ്പിക്കാൻ നരബലി നടന്നിരുന്ന കാലത്തെ കുറിച്ച് കേട്ടിട്ടുണ്ട്. ആ കാലഘട്ടത്തിൽ നിന്നും കേരളം എവിടേക്കാണ് പുരോഗമിച്ചത് ?
സ്വയം പുരോഗമന സമൂഹമെന്നും എല്ലാം തികഞ്ഞവരെന്നും വിലയിരുത്തുന്നവരാണ് നാം മലയാളികൾ . അങ്ങനെ മേനി നടിക്കുന്നതിനാൽ ആന്തരികമായ ദൗർബല്യങ്ങളെ പറ്റിയോ പുഴുക്കുത്തുകളെ പറ്റിയോ നാം ബോധവാന്മാരല്ല , ആത്മ പരിശോധനക്ക് തയ്യാറല്ല . നാം അന്യ സംസ്ഥാനങ്ങളുടെ കുറ്റങ്ങളും കുറവുകളും ഗവേഷണം നടത്തുന്നതിൽ വിദഗ്ധരുമാണ്. നരബലിക്ക് നേതൃത്വം നൽകിയ ഭഗവൽ സിങ്ങ് എന്ന സഖാവും കേരളം നമ്പർ വൺ ആണെന്ന് സ്വയം വിശ്വസിച്ചിരുന്നു .
ഇലന്തൂരിലും എല്ലാ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പ്രവർത്തകരുണ്ട്, സാമൂഹ്യ സംഘടനകളുണ്ട് , സർക്കാർ സംവിധാനങ്ങളുണ്ട് . അവരാരും ഈ കൊടിയ ക്രൂരത നടക്കാൻ പോകുന്നതോ നടന്നതോ അറിഞ്ഞില്ല. കേരളത്തിലെ മറ്റ് ഏത് ഗ്രാമത്തിലും ഇത് തന്നെ സംഭവിക്കും.
ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനങ്ങളേക്കാൾ മയക്ക് മരുന്ന് ഇടപാട് നടക്കുന്നതും കേരളത്തിലാണ്. പക്ഷെ നാം സുഖ സുഷുപ്തിയിലാണ്. ഷൊർണൂരിലെ രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലിറങ്ങിയ സ്വാമി വിവേകാനന്ദൻ കേരളത്തെ കുറിച്ച് നടത്തിയ പ്രസ്താവന ഇന്നും പ്രസക്തമാണ് . " കേരളം ഒരു ഭ്രാന്താലയമാണ് " .