യുഎഇ-ഇസ്രായേല്‍ ധാരണ: ജാഗ്രതയോടെ സ്വാഗതം ചെയ്യുന്നുവെന്ന് സൗദി അറേബ്യ
ഫലസ്തീനികളുടെ ദീര്‍ഘകാല ആവശ്യമായ വെസ്റ്റ് ബാങ്ക് മേഖലയിലെ ഇസ്രായേലിന്റെ ഏകപക്ഷീയമായ കയ്യേറ്റം അവസാനിപ്പിക്കുന്ന കരാറിനെ ക്രിയാത്മകമായി കാണാമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.
ബെര്‍ലിന്‍: പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനും എംബസികള്‍ തുറക്കുന്നതിനും തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ഇസ്രായേലുമായുണ്ടാക്കിയ ധാരണയെ ജാഗ്രതയോടെ സ്വാഗതം ചെയ്ത് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍.
ഫലസ്തീനികളുടെ ദീര്‍ഘകാല ആവശ്യമായ വെസ്റ്റ് ബാങ്ക് മേഖലയിലെ ഇസ്രായേലിന്റെ ഏകപക്ഷീയമായ കയ്യേറ്റം അവസാനിപ്പിക്കുന്ന കരാറിനെ ക്രിയാത്മകമായി കാണാമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. അതേസമയം, ധാരണയ്ക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ഇസ്രയേലും ഫലസ്തീനികളും തമ്മില്‍ സമാധാന ഉടമ്പടിയിലെത്തണമെന്ന വ്യവസ്ഥയില്‍ സമാനമായ ബന്ധം സ്ഥാപിക്കാന്‍ സൗദി അറേബ്യ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ-ഇസ്രായേല്‍ ധാരണയ്ക്ക് തന്റെ സര്‍ക്കാര്‍ മധ്യസ്ഥംവഹിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത പ്രസ്താവനയെക്കുറിച്ച് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് സൗദി ആദ്യമായി പൊതു പ്രതികരണം നടത്തുന്നത്.
ബഹ്‌റൈന്‍, ഒമാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ കരാറിനെ സ്വാഗതം ചെയ്ത് ഔദ്യോഗിക പ്രസ്താവനകള്‍ ഇറക്കിയപ്പോള്‍ സൗദി ഇതുവരെ സമാനമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കാന്‍ തയ്യാറായിട്ടില്ല. ബെര്‍ലിനിലെ വാര്‍ത്താസമ്മേളനം വരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്താനും സൗദി തയ്യാറായിരുന്നില്ല.
വെസ്റ്റ്ബാങ്ക് മേഖല പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ പദ്ധതി തടഞ്ഞുകൊണ്ടുള്ളതാണ് യുഎഇയുടെ കരാര്‍. എന്നാല്‍, താല്‍ക്കാലികമായാണ് കയ്യേറ്റം നിര്‍ത്തിവയ്ക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു.
കയ്യേറ്റം നിര്‍ത്തിവയ്ക്കുമെന്ന് യുഎഇയുമായി ഇസ്രായേല്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിലും വെസ്റ്റ്ബാങ്കില്‍ ഏകപക്ഷീയമായ കയ്യേറ്റ നടപടികളുമായി ഇസ്രായേല്‍ മുന്നോട്ട് പോവുകയാണ്.