ഇറാന്‍ ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം; റിയാദിന് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് സൗദി
ഫക്രിസാദേയുടെ വധത്തില്‍ റിയാദിന് പങ്കുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ആരോപണം നിഷേധിച്ച് സൗദി മുന്നോട്ട് വന്നത്.
തെഹ്‌റാന്‍: പ്രമുഖ ഇറാനിയന്‍ ആണവ, മിസൈല്‍ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫക്രിസാദേയുടെ കൊലപാതകത്തില്‍ റിയാദിന് പങ്കുണ്ടെന്ന തെഹ്‌റാന്റെ ആരോപണം നിഷേധിച്ച് സൗദി. ഫക്രിസാദേയുടെ വധത്തില്‍ റിയാദിന് പങ്കുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ആരോപണം നിഷേധിച്ച് സൗദി മുന്നോട്ട് വന്നത്.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ സൗദി അറേബ്യയില്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ചയിലാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ശരീഫ് ഇന്‍സ്റ്റാഗ്രാമില്‍ ആരോപിച്ചിരുന്നു.ഇറാനില്‍ എന്തെങ്കിലും പ്രതികൂല സംഭവമുണ്ടായാല്‍ സൗദിയെ കുറ്റപ്പെടുത്താന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി സരിഫ് ആഗ്രഹിക്കുന്നുവെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബീര്‍ ട്വിറ്ററില്‍ കുറിച്ചു. അടുത്ത ഭൂകമ്പത്തിനോ വെള്ളപ്പൊക്കത്തിനോ അദ്ദേഹം തങ്ങളെ കുറ്റപ്പെടുത്തുമോയെന്നും ആദില്‍ ചോദിച്ചു.
കൊലപാതകങ്ങളില്‍ ഏര്‍പ്പെടുന്നത് സൗദി അറേബ്യയുടെ നയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നെതന്യാഹു കഴിഞ്ഞ മാസം സൗദി അറേബ്യയില്‍ സുപ്രധാന ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് ഇസ്രയേല്‍ മാധ്യമ റിപ്പോര്‍ട്ടുകളും ഇസ്രായേല്‍ സര്‍ക്കാര്‍ വൃത്തങ്ങളും റിപോര്‍ട്ട് ചെയ്തിരുന്നു.
നെതന്യാഹുവും മൊസാദ് ചാര ഏജന്‍സി മേധാവി യൂസേഫ് മെയര്‍ കോഹനും മുഹമ്മദ് ബിന്‍ സല്‍മാനും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെയും ചെങ്കടല്‍ നഗരമായ നിയോമില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് റിപോര്‍ട്ട്.എന്നാല്‍ അത്തരമൊരു കൂടിക്കാഴ്ച നടന്നില്ലെന്നാണ് റിയാദിന്റെ വാദം.
സൗദി അറേബ്യയ്ക്ക് ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളൊന്നുമില്ലെങ്കിലും ഇറാനുമായുള്ള ശത്രുതയുടെ അടിസ്ഥാനത്തില്‍ ഇരുപക്ഷവും ശക്തമായ ബന്ധം സ്ഥാപിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാനിയന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ മുഹ്‌സിന്‍ ഫക്രിസാദേ സഞ്ചരിച്ച കാറിനുനേരെ അജ്ഞാതസംഘം ആക്രമണം നടത്തിയത്. വാഹനത്തേയും അംഗരക്ഷകരേയും ലക്ഷ്യമിട്ട് നടന്ന ബോംബ്, തോക്ക് ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ മുഹ്‌സിനെ അംഗരക്ഷകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇസ്‌ലാമിക് റവലൂഷനറി ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോസ്ഥനായ ഫക്രിസാദെ ഫിസിക്‌സ് പ്രഫസറായിരുന്നു. 2018ല്‍ ഇറാന്റെ ആണവ പദ്ധതികളെപ്പറ്റിയുള്ള അവതരണത്തില്‍ ഫക്രിസാദെഹിന്റെ പേര് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പ്രത്യേകം പരാമര്‍ശിച്ചിരുന്നു. 2010നും 2012നുമിടയില്‍ ഇറാന്റെ 4 ആണവശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.